പറവൂർ: സഹകരണ ബാങ്കിലെ അഴിമതികളെക്കുറിച്ച അന്വേഷണ റിപ്പോർട്ട് വിജിലൻസ് വിഭാഗം ഈ മാസം 13നകം സമർപ്പിക്കണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി.
തുടർനടപടികൾ വിശദീകരിക്കണമെന്നും നിർദേശിച്ചു. ഒരു വർഷം മുമ്പാണ് വിജിലൻസ് കൊച്ചി യൂനിറ്റിനോട് അന്വേഷണത്തിന് കോടതി നിർദേശം നൽകിയത്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ.
മന്ത്രിതലത്തിലും സി.പി.എം നേതൃത്വവും നടത്തിയ ഇടപെടൽ മൂലമാണ് അന്വഷണം വഴിമുട്ടിയിരിക്കുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ബാങ്ക് അംഗവും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ എൻ. മോഹനൻ നൽകിയ പരാതിയിൽ ബാങ്ക് മുൻ ഭരണ സമിതിയംഗങ്ങളും നിലവിലെ ഭരണക്കാരും ജീവനക്കാരുമടക്കം 23 പേർക്കെതിരെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവിട്ടിരുന്നത്. വിജിലൻസ് ബാങ്കിലെത്തി അന്വേഷിച്ചു. എതിർകക്ഷികളായ 23 പേരിൽ നിന്നും മൊഴി രേഖപ്പെടുത്തി.
സമഗ്ര റിപ്പോർട്ട് തിരുവനന്തപുരത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. അതിന് ശേഷം തുടർ നടപടികൾ ഉണ്ടായില്ല. റിപ്പോർട്ട് കോടതിയിൽ ഇതുവരെ എത്തിയതുമില്ല. കേസിൽ എതിർ കക്ഷികളായ മുൻ ഭരണസമിതിയിലെ ചിലർ ഭരണസമിതിക്കെതിരെ വിജിലൻസ് ഉദ്യോഗസ്ഥർക്ക് മൊഴി കൊടുത്തിട്ടുണ്ട്.
ഇതിനിടെ, ബാങ്കിന്റെ സഹകരണ സൂപ്പർ മാർക്കറ്റിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് 14 കോടിയോളം രൂപ നഷ്ടത്തിലായതിനാൽ നാല് വർഷമായി അംഗങ്ങൾക്ക് ലാഭവിഹിതം പോലും നൽകുന്നില്ലെന്ന് കോൺഗ്രസ് നേതാക്കളായ എം.എസ്. റെജി, എൻ. മോഹനൻ, രമേഷ് ഡി. കുറുപ്പ്, ഡെന്നി തോമസ്, ജോസ് മാളിയേക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.