പെരുമ്പാവൂര്‍: പണം വാങ്ങി വഞ്ചിച്ച കേസിന്റെ അന്വേഷണത്തിനിടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവതി പിടിയിലായി. നെടുങ്ങപ്ര കൂഴഞ്ചിറയില്‍ വീട്ടില്‍ ലിബിന ബേബിയെയാണ് (30) കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ഓടക്കാലി സ്വദേശിയില്‍നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പിടിയിലായത്.
ദേശസാല്‍കൃത ബാങ്കില്‍ പണയംവെച്ച സ്വര്‍ണമെടുക്കാന്‍ സഹായിച്ചാല്‍ സ്വര്‍ണം നല്‍കാമെന്നും പറഞ്ഞാണ് ഓടക്കാലി സ്വദേശിയില്‍നിന്ന് യുവതി പണം വാങ്ങിയത്. പണം കിട്ടിയതിനെ തുടര്‍ന്ന് ലിബിന ബാങ്കിലെത്തി 40,00 രൂപ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചു. നാല് ലക്ഷം ബാങ്കില്‍ കൊടുത്തെന്നും ആധാറിന്റെ ഒര്ജിനലുണ്ടെങ്കിലേ സ്വര്‍ണം തിരിച്ചെടുക്കാനാകു എന്നും തെറ്റിദ്ധരിപ്പിച്ച് യുവതി ബാങ്കില്‍ നിന്നും മുങ്ങുകയായിരുന്നു. പിന്നീടുള്ള പരിശോധനയില്‍ ബാങ്കില്‍ ഇവര്‍ സ്വര്‍ണം പണയം വെച്ചിട്ടില്ലെന്ന് മനസിലായി. ഈ കേസില്‍ ഇവരെ അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് ഓടക്കാലിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ യുവതി തട്ടിയെടുത്തിരിക്കുന്നതായി തെളിഞ്ഞത്. ഏഴ് പ്രാവശ്യമായിട്ടാണ് 42 ഗ്രാം മുക്കുപണ്ടങ്ങള്‍ പണയം വെച്ചതെന്ന് പൊലീസ് പറഞ്ഞു സ്ഥാപനത്തിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയത്.