പള്ളുരുത്തി: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവ് ഡോക്ടറേയും ജീവനക്കാരേയും മർദിച്ചു. സംഭവത്തിൽ പ്രതിയായ കണ്ണമാലി കാട്ടിപറമ്പ് നീലന്തറ ഫ്രാൻസിസ് ആഷ്ലിൻ (28) നെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിൽ കഴിഞ്ഞ മാസം 27ന് പുലർച്ചെ ഒന്നോടെയാണ് സംഭവം.
കൈക്ക് മുറിവുമായി ആശുപത്രിയിൽ എത്തിയ ഇയാൾ ചികിത്സക്കിടെ യാതൊരു പ്രകോപനവുമില്ലാതെ ഡോ. ജിതിനെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. തടയാനെത്തിയ ആശുപത്രി പി.ആർ.ഒ, സുരക്ഷ ജീവനക്കാരൻ എന്നിവരെയും മർദിച്ചു.
സുരക്ഷ ജീവനക്കാരന്റെ ചെവിയിലും തലമുടിയിലും കടിച്ചു. അക്രമത്തിനു ശേഷം ഓടി രക്ഷപ്പെട്ട യുവാവ് വ്യാഴാഴ്ച കുമ്പളങ്ങി പൊലീസ് എയ്ഡ് പോസ്റ്റിൽ കീഴടങ്ങുകയായിരുന്നു. ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.