കൊച്ചി: സംസ്ഥാനത്തെ ക്വാറികളിൽ നിയമലംഘനം വ്യാപകമെന്ന് തെളിയിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ കണക്കുകൾ. ഏഴ് വർഷത്തിനിടെ ക്വാറികളിലെ നിയമലംഘനത്തിന് 495.02 കോടി രൂപയാണ് പിഴയീടാക്കിയത്. 2020 മുതൽ 2023 വരെ മൂന്നുവർഷം പിഴത്തുകയിൽ വൻ വർധനയാണ് ഉണ്ടായത്. 2020-21 വർഷത്തിൽ 67.11 കോടിയായിരുന്ന പിഴ 2021-22 ആയപ്പോൾ 80.40 കോടിയായി. 2022-23ൽ ഇരട്ടിയും കടന്ന് 173.50 കോടിയായി. പിഴത്തുക ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽനിന്നാണ് -98.09 കോടി. അനുവദനീയമായതിൽ കൂടുതലുള്ള ഖനനം, മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗത്തിലെ നിയമലംഘനങ്ങൾ തുടങ്ങിയവക്കൊക്കെ പിഴയീടാക്കുന്നുണ്ട്.
ഖനന മേഖലയിൽനിന്ന് 2016-17 മുതൽ 2022-23 വരെയുള്ള കാലഘട്ടത്തിൽ ഫീസ്, റോയൽറ്റി വിഭാഗത്തിൽ 1347.27 കോടിയും ലഭിച്ചു. സംസ്ഥാനത്ത് ലൈസൻസുള്ള 550 ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 118 എണ്ണം മലപ്പുറം ജില്ലയിലാണ്. ആലപ്പുഴയിൽ ലൈസൻസുള്ള ഒരു ക്വാറിയുമില്ല. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ആസ്ഥാനത്തുനിന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്. ക്വാറികളുടെ ലൈസൻസുള്ളവരിൽ പലരും രാഷ്ട്രീയ ബിനാമികളാണെന്ന് ഹരിദാസ് ആരോപിച്ചു. അനധികൃത ഖനനത്തിനും മറ്റും പിടികൂടുമ്പോൾ രാഷ്ട്രീയ സ്വാധീനത്തിൽ നിയമനടപടികളിൽനിന്ന് പലരും ഒഴിവാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.