പറവൂർ: ദേശീയപാത 66 നിർമാണത്തിന് സ്ഥലം ഏറ്റെടുത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ മൂത്തകുന്നം ഗവ. എൽ.പി സ്കൂളിന്ന് പുതിയ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ സ്ഥലം വാങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തീരുമാനമായത്. ഇതിനായി സർക്കാർ പ്രത്യേക ഉത്തരവിറക്കും. കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) പ്രകാരം സ്കൂൾ പ്രവർത്തിക്കാൻ കുറഞ്ഞത് 98 സെന്റ് സ്ഥലം ആവശ്യമാണ്. സ്കൂളിനായി മടപ്ലാതുരുത്തിൽ 34 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കെ.ഇ.ആർ പ്രകാരമുള്ള സ്ഥലം ലഭ്യമല്ലാത്തതിനാലാണ് പ്രത്യേക ഇളവ് നൽകി ഉത്തരവിറക്കുന്നത്. ദേശീയപാത 66 നിർമാണത്തിന് സ്കൂളിന്റെ കുറച്ചു സ്ഥലം ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരമായി റവന്യു വകുപ്പിലേക്ക് നൽകിയ 1.12 കോടി രൂപ സ്ഥലം വാങ്ങാൻ ഉപയോഗിക്കും. അധികമായി വരുന്ന 18.49 ലക്ഷം രൂപ വടക്കേക്കര പഞ്ചായത്ത് നൽകും. ഇതിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.നഷ്ടപരിഹാര തുക സ്കൂളിനായി ഉപയോഗിക്കും. സ്ഥലമേറ്റെടുപ്പ് പൂർത്തിയായാൽ സ്കൂൾ കെട്ടിടം പണിയാൻ ആവശ്യമായ തുക എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽനിന്ന് അനുവദിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യോഗത്തിൽ പറഞ്ഞു. 112 വർഷം പഴക്കമുള്ള സ്കൂളിന്റെ പ്രവർത്തനം ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ടാണ് മൂത്തകുന്നത്തെ വാടക വീട്ടിലേക്ക് നാല് മാസം മുമ്പ് മാറ്റിയത്. 9000 രൂപയാണ് മാസ വാടക.
പൈലിങ് പോലുള്ളവ നടക്കുമ്പോൾ പഴക്കം ചെന്ന കെട്ടിടത്തിൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നടപടി. വാടക വീട്ടിലെ അഞ്ച് മുറികളിലായാണ് ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ നടത്തുന്നത്. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ 110 വിദ്യാർഥികളുണ്ട്. അടുത്ത അധ്യയന വർഷം ജൂലൈയിൽ പുതിയ കെട്ടിടത്തിൽ അധ്യയനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽ കുമാർ, ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രത്നൻ, എ.ഇ.ഒ സി.എസ്. ജയദേവൻ, പ്രധാനാധ്യാപിക ബിന്ദു, പി.ടി.എ പ്രസിഡന്റ് അച്ചു രഞ്ചൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.