
കാക്കനാട്: സംസ്ഥാന ഏറ്റവും കൂടുതൽ വരുമാനമുള്ള തൃക്കാക്കര നഗരസഭയിൽ ഏഴരക്കോടി രൂപ നഗരസഭയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് ഓഡിറ്റ് വകുപ്പ് കണ്ടെത്തി. 2021 മുതൽ നഗരസഭയിലേക്ക് നികുതി, ഫീസ് ഉൾപ്പെടെ വിവിധ ഇനങ്ങളിലേക്ക് ലഭിച്ച 361 ചെക്കുകളിൽ നിന്നുള്ള 7,50,62,050 രൂപയോളം നഗരസഭ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ.
2021 മുതൽ കലക്ഷന് 84 ചെക്കുകളും 2023-2024 സാമ്പത്തിക വർഷം മാത്രം വരുമാനമായി ലഭിച്ച 137 ചെക്കുകളും പണമായി അക്കൗണ്ടിൽ എത്തിയിട്ടില്ല. പൊതുജനവും സ്ഥാപനങ്ങളും നികുതി ഉൾപ്പെടെയുള്ള ഇനങ്ങളിലേക്ക് നഗരസഭക്ക് നൽകിയ ചെക്കുകൾ കൈപ്പറ്റി രസീത് നൽകിയിട്ടുണ്ട്.
നഗരസഭയിൽനിന്ന് ബാങ്കിലേക്ക് നൽകിയ ചെക്കുകളുടെ എണ്ണവും തുകയും കൃത്യമായി ഓഡിറ്റ് വകുപ്പ് കണ്ടെത്തി. ഈയിനത്തിൽ ഒരു രൂപ പോലും നഗരസഭയിലേക്ക് ഇതുവരെ വന്നിട്ടില്ലെന്നത് ഗൗരവമായി അന്വേഷിക്കേണമെന്നും ഓഡിറ്റ് സംഘം നിർദേശിച്ചു. ബാങ്കുകളിൽ നൽകിയ ചെക്കുകളിൽനിന്ന് പണം ലഭിക്കാത്തതിൽ നഗരസഭ അധികൃതർ തുടർ അന്വേഷണം നടത്തിയില്ലന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഇത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ചെക്ക് വഴി ലഭിക്കേണ്ട പണം എങ്ങനെ ചിലവഴിച്ചുവെന്ന് നഗരസഭ കൗൺസിൽ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
+ There are no comments
Add yours