
ഷെമാമിന്റെ വിളവെടുപ്പ് കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു
മാരാരിക്കുളം: കത്തുന്ന ചൂടിൽ കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ മറുനാടൻ പഴവർഗമായ ഷെമാം കൃഷിയിൽ വിജയഗാഥയുമായി കർഷകൻ. പഞ്ചായത്ത് 17ാം വാർഡ് പുത്തൻവെളി സാംബശിവനാണ് പാട്ടത്തിനും സ്വന്തമായുമുള്ള പാടശേഖരത്തിൽ നൂറുമേനി വിളയിച്ചത്. 30 വർഷമായി കൃഷിയിൽ വ്യാപൃതനാണ് സാംബശിവൻ.

�മൂന്നര ഏക്കറിൽ തണ്ണിമത്തനും പൊട്ടുവെള്ളരിയും ഷമാമും കണി മത്തൻ, കണി വെള്ളരി, നെയ് കുമ്പളവും ചെറുപയറും ചീരയും ഉൾപ്പെടെയുള്ള വിളകളുണ്ട്. കൂടുതൽ ശ്രദ്ധകേന്ദ്രീകരച്ചത് ഷമാം കൃഷിയിലായിരുന്നു. ഷമാമിന്റെ 500ഓളം തൈകൾ പാകി. ഡ്രിപ് ഇറിഗേഷനിലൂടെ ജലസേചനം നടത്തി. എളുപ്പം ഫലം കിട്ടുമെന്നുള്ളതും ഷമാം കൃഷിയുടെ പ്രത്യേകതയാണ്. 60 ദിവസത്തോടെ പൂർണമായും കായ കിട്ടി. കായയുടെ തൊലിയിലും കളറിലും ഉണ്ടാകുന്ന മാറ്റമാണ് പാകമായി എന്ന് മനസ്സിലാകുന്നത്.
ഒരു ചുവട്ടിൽനിന്ന് 10-15 കിലോ വിളവ് ലഭിച്ചു. 600 കിലോയോളം വിപണിയിൽ കൊടുത്തു. 40 രൂപ നിരക്കിലാണ് വിൽക്കുന്നത്. മൂന്നു വർഷമായി ഷമാം കൃഷി ചെയ്യുന്നു. ഭാര്യ സൗദാമിനിയും മക്കളായ സഞ്ചിത്തും സഞ്ചിതയും സഹായത്തിനുണ്ട്. മൂത്തമകൻ സഞ്ജയ് വിദേശത്താണ്.
ഷെമാമിന്റെ വിളവെടുപ്പ് കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, കെ.കെ. കുമാരൻ പാലിയേറ്റിവ് ചെയർമാൻ എസ്. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, കൃഷി ഓഫിസർ തുടങ്ങിയവർ പങ്കെടുത്തു.
+ There are no comments
Add yours