
പോളപ്പായൽ നിറഞ്ഞ കടമ്പ്രയാർ
പള്ളിക്കര: പായൽ വാരലും ചെളിനീക്കവും ആഴംകൂട്ടലുമെല്ലാം ആചാരമായി മാറിയതോടെ ചെളിനിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് കടമ്പ്രയാർ. ശുദ്ധജലവാഹിനിയായിരുന്ന കടമ്പ്രയാറിപ്പോൾ അശുദ്ധവാഹിനിയായി മാറിക്കഴിഞ്ഞു. സ്മാർട് സിറ്റി, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ ഐ.ടി കമ്പനികളടക്കം കടമ്പ്രയാറിൽ നിന്നുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇവിടെ നിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിക്കുന്ന വെള്ളമാണ് കിൻഫ്ര വിതരണം ചെയ്യുന്നത്. ചെളിനീക്കി ആഴം വർധിപ്പിച്ചും പോളപ്പായൽ നീക്കം ചെയ്തും നീരൊഴുക്ക് വർധിപ്പിക്കാനുള്ള നടപടി മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടി അധികൃതർ ചെയ്തിട്ടില്ല.
പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ടൂറിസം പദ്ധതിക്കുമായി പത്ത് കോടിയിലേറെ രൂപ ഇതിനോടകം ചെലവഴിച്ചതായി പറയുമ്പോഴും കടമ്പ്രയാറിന് ഇനിയും ശാപമോക്ഷമായിട്ടില്ല. കടമ്പ്രയാർ ചിത്രപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന രാജഗിരി വാലിക്കടുത്തുള്ള കോഴിച്ചിറ ബണ്ട് തകർന്നിട്ടും തുടർനടപടികൾ ഇല്ല. ചിത്രപ്പുഴ മുതൽ മനക്കക്കടവ് വരെ 11 കിലോമീറ്റർ ദൂരവും പോളപ്പായൽ നിറഞ്ഞ നിലയിലാണ്. പായൽ നീക്കവും ചെളികോരലും പ്രഹസനമായി മാറുന്നതാണ് കടമ്പ്രയാർ വികസനത്തിന് തടസ്സം. ലക്ഷങ്ങൾ മുടക്കി പായൽ വാരിയാൽ അവ മുഴുവൻ തീരത്ത് തന്നെ കോരിയിട്ടുപേക്ഷിക്കുകയാണ്. മഴക്കാലത്ത് പോള വിത്തുകൾ വീണ്ടും മുളപൊട്ടുന്നതോടെ പായൽ നിറയുന്ന അവസ്ഥയാകും. ചിത്രപ്പുഴ മുതൽ ഇൻഫോപാർക്ക് വരെ ബോട്ട് ഗതാഗതം കൊണ്ടുവരുമെന്ന വാഗ്ദാനം പത്ത് കൊല്ലം പിന്നിട്ടിട്ടും നടപ്പായിട്ടില്ല.�
+ There are no comments
Add yours