
കൊച്ചി: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും വിൽപനക്കുമെതിരെ നഗരത്തിൽ പരിശോധനകൾ ശക്തമാക്കി പൊലീസ്. നഗരത്തിലെ പ്രധാനപ്പെട്ട 38 ഇടങ്ങളിലായി നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപറേഷനിൽ മയക്കുമരുന്ന് വില്പനക്കും ഉപയോഗത്തിനുമെതിരെ 77 കേസുകളും മദ്യപിച്ച് വാഹനം ഓടിച്ചതിന് 193 കേസുകളും അബ്കാരി ആക്ട് പ്രകാരം 27 കേസുകളും ഉൾപ്പെടെ 300 പേർക്കെതിരെ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ അസി. കമീഷണർമാരുടെ മേൽനോട്ടത്തിൽ 550 ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.