
ചെങ്ങമനാട് (അങ്കമാലി): കഞ്ചാവ് വിൽപനയെ കുറിച്ച് അഭിപ്രായ ഭിന്നതയെ തുടർന്ന് ഒപ്പമുള്ളവർ ഒറ്റിയതോടെ പിടിയിലായത് ലഹരി വിൽപന സംഘം. പാലപ്രശ്ശേരി തേറാട്ടിക്കുന്നിലെ വാടക വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളായ മൂന്ന് പേരാണ് റിമാൻഡിലായത്. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡൽ (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവർ മണ്ഡൽ (20) എന്നിവരെ ചെങ്ങമനാട് പൊലീസാണ് പിടികൂടിയത്. പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന 1.280 കിലോ കഞ്ചാവ് കണ്ടെടുത്തു.
യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ഏറെ നാളായി ഇവർ കഞ്ചാവ് വിൽപന നടത്തി വരുകയായിരുന്നു. കഞ്ചാവ് വിൽക്കുന്നത് സംബന്ധിച്ച് ഒപ്പം താമസിക്കുന്നവരിലുണ്ടായ അഭിപ്രായ ഭിന്നതയാണ് സംഘം പിടിയിലാകാൻ വഴിയൊരുങ്ങിയത്. ഞായറാഴ്ച രാത്രി ഒപ്പം താമസിക്കുന്ന തൊഴിലാളിയാണ് നാട്ടുകാരായ യുവാക്കളെ കഞ്ചാവ് വിൽപന സംബന്ധിച്ച് ഫോണിൽ രഹസ്യമായി അറിയിച്ചത്. വീട്ടിൽ നിരന്തരം ആളുകൾ വന്നു പോകുന്നതിൽ വീട്ടുടമസ്ഥനിലും സംശയമുണ്ടായിരുന്നു. വീട്ടുടമ അറിയിച്ച പ്രകാരമാണ് ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ സോണി മത്തായിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയത്.
പരിശോധനയിൽ വീടിനകത്ത് പാക്കറ്റുകളിലാക്കി രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതോടെ മുർഷിദാബാദിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും പ്രധാനമായും വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിലാണ് വിൽപന നടത്തിയിരുന്നതെന്നും വെളിപ്പെടുത്തി. കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച ത്രാസും വീടിനകത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
അതിനിടെ പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ ഇടപാട് നടത്തിയവരെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഞ്ചാവ് വാങ്ങിയവരെയും വിൽപനക്ക് ഒത്താശയും സഹായവും നൽകിയവരെയും സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. എസ്.ഐ സതീഷ് കുമാർ, എ.എസ്.ഐമാരായ കെ.എസ്. ഷാനവാസ്, ജിയോ, സീനിയർ സി.പി.ഒമാരായ കെ.ബി. ഫാബിൻ, ടി.എ. കിഷോർ, സി. പി.ഒമാരായ കെ.എച്ച്. സജിത്ത്, വിഷ്ണു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ചെങ്ങമനാട് തേറാട്ടിക്കുന്നിലെ വാടക വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ റിമാൻഡിലായ അന്തർസംസ്ഥാന തൊഴിലാളികളായ ദെലോവർ മണ്ഡൽ, മൂണ്ഡജ് ബിശ്വാസ്, ലിറ്റൻ മണ്ഡൽ എന്നിവർ