
വിജ്ഞാനകേരളം റിസോഴ്സ് പേഴ്സൺമാർക്കുളള പരിശീലനം തൃക്കാക്കരയിൽ ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: അഭ്യസ്തവിദ്യർക്ക് തൊഴിലും വിദ്യാർഥികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനവുമൊരുക്കി വിജ്ഞാന കേരളം പദ്ധതി ജില്ലയിൽ സജീവമാക്കുന്നു.തദ്ദേശ വകുപ്പിന് കീഴിലുളള കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലുളള പദ്ധതിക്ക് ‘കില’യുടേയും ‘കുടുംബശ്രീ’യുടേയും പങ്കാളിത്തമുണ്ട്. വർഷം അഞ്ച് ലക്ഷം പേർക്ക് തൊഴിൽ, രണ്ട് ലക്ഷം പേർക്ക് നൈപുണ്യ പരിശീലനം എന്നീ പ്രഖ്യാപനത്തോടെയായിരുന്നു സംസ്ഥാന തലത്തിൽ പദ്ധതിയുടെ തുടക്കം. ജില്ലയിൽ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പദ്ധതി കാര്യക്ഷമമാക്കുന്നതിനുളള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
തൊഴിലന്വേഷകരായി ഒന്നരലക്ഷത്തോളം പേർ
പദ്ധതിക്ക് കീഴിൽ ഇതുവരെ ജില്ലയിൽ തൊഴിലന്വേഷകരായെത്തിയത് 1,45000 പേരാണ്. ഇവർക്കായി ചെറുതും വലുതുമായ തൊഴിൽ മേളകളുമൊരുക്കുന്നുണ്ട്. കഴിഞ്ഞ മാസം സംസ്ഥാന തലത്തിൽ ആലപ്പുഴയിൽ നടന്ന മെഗാ തൊഴിൽമേളയിൽ ജില്ലയിൽ നിന്നുളളവരും പങ്കാളികളായിരുന്നു.
പദ്ധതി സജീവമാകുന്നതോടെ ജില്ലാടിസ്ഥാനത്തിൽ മാസത്തിൽ രണ്ട് തൊഴിൽ മേളകൾ നടത്താനാണ് സംഘാടകരുടെ തീരുമാനം. നേരത്തെ പത്തനംതിട്ട ജില്ലയിൽ നടപ്പാക്കിയ ‘വിജ്ഞാൻ പത്തനംതിട്ട’ വിജയിച്ചതിനെ തുടർന്നാണ് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. അതതു ജില്ലകളുടെ പേര് ചേർത്താണ് ജില്ലകളിൽ പദ്ധതി പ്രവർത്തിക്കുക. തൊഴിൽ മേളകളോടൊപ്പം കോളജ്, പോളിടെക്നിക്, ഐ.ടി.ഐ വിദ്യാർഥികൾക്കായാണ് നൈപുണ്യ പരിശീലനം നൽകുന്നത്.
സജ്ജരായി റിസോഴ്സ് പേഴ്സൺമാർ
പ്രവർത്തനം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 265 റിസോഴ്സ് പേഴ്സൺമാരാണ് പ്രവർത്തനസജ്ജരായത്.ഇവരിൽ 102 കമ്യൂണിറ്റി അംബാസഡർമാരും 15 മാസ്റ്റർ ആർ.പിമാരും ഉൾപ്പെടുന്നുണ്ട്. ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷൻ എന്നിവിടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണിവർ. അടുത്ത ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തിലും നഗരസഭ തലത്തിലുമെല്ലാം പരിശീലനങ്ങൾ സംഘടിപ്പിക്കും. സന്നദ്ധ പ്രവർത്തനത്തിൽ താത്പര്യമുളള യുവതി-യുവാക്കളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്ക് പ്രത്യേകിച്ച് യാതൊരു ആനുകൂല്യങ്ങളും സർക്കാർ നൽകുന്നില്ല. പദ്ധതിയുടെ ഭാഗമായി തദ്ദേശ തലങ്ങളിൽ നടക്കുന്ന തൊഴിൽ മേളകളടക്കമുളള പരിപാടിയുടെ ഏകോപനം ഇവരായിരിക്കും നിർവഹിക്കുക.
ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സൺമാർക്കുളള പരിശീലനം തൃക്കാക്കര കമ്യൂണിറ്റി ഹാളിലാണ് നടന്നത്. വിജ്ഞാന കേരളം പദ്ധതി ഉപദേഷ്ടാവും മുൻന്ത്രിയുമായ ടി.എം. തോമസ് ഐസക് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.എം. റജീന, അസി. മിഷൻ കോഓഡിനേറ്റർ കെ.സി. അനുമോൾ, കെ. ഡിസ്ക് അസോസിയേറ്റ് ഡയറക്ടർ സിബി, പ്രോഗ്രാം മാനേജർ മനു, ജില്ല പ്രോഗ്രാം മാനേജർ മിഥുപ്രസാദ്, കില ജില്ല കോഓഡിനേറ്റർ വിഷ്ണു കെ. വേണു, ജനകീയാസൂത്രണം ജില്ല ഫെസിലിറ്റേറ്റർ ജുബൈരിയ ഐസക് തുടങ്ങിയവർ സംസാരിച്ചു.�