
ഫാക്ട് ഭൂമിയിലെ മാലിന്യത്തിൽ നിന്നും തീയും പുകയും ഉയരുന്നു
കളമശ്ശേരി: അനധികൃതമായി തള്ളിയ പ്ലാസ്റ്റിക് അടങ്ങിയ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ഫാക്ടിന്റെ ഏക്കർ കണക്കിന് ഭൂമിയിലെ പുല്ലും കാടും കത്തിനശിച്ചു. ഏലൂർ നഗരസഭ പ്രദേശത്തെ വല്ലാർപാടം കണ്ടെയ്നർ റോഡിനോട് ചേർന്ന് എം.കെ.കെ. നായർ ഹാളിന് സമീപം മുതൽ ഫാക്ട് ക്വാട്ടേഴ്സിന് സമീപം വരെ ഭൂമിയിൽ ഉച്ചക്ക് ഒന്നരക്കാണ് വൻ തീപിടുത്തം ഉണ്ടായത്. ആറ് അഗ്നിരക്ഷാസേന യൂനിറ്റുകൾ രണ്ടര മണിക്കൂർ എടുത്താണ് തീയണച്ചത്. ഏലൂർ, കളമശ്ശേരി നഗരസഭകൾ മാലിന്യം വലിച്ചെറിയുന്നത് തടയാൻ കർശന നിലപാട് സ്വീകരിച്ചതിനാൽ ആൾ സഞ്ചാരം കുറഞ്ഞ ഭാഗത്ത് വ്യാപകമായാണ് മാലിന്യം തള്ളിയിട്ടിരിക്കുന്നത്.
നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ കുമിഞ്ഞ് കൂടി കിടന്ന മാലിന്യത്തിൽനിന്നാണ് തീ ഉയർന്നത്. തീ പുല്ലുകൾക്കും കാടിലേക്കും വ്യാപിച്ചതോടെ പ്രദേശമകെ പുക നിറഞ്ഞു. ഉടൻ ഫാക്ടിന്റെ രണ്ട് യൂനിറ്റും, ഏലൂർ, ആലുവ, തൃക്കാകര, ഗാന്ധിനഗർ തുടങ്ങിയിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂനിറ്റുകളും സ്ഥലത്തെത്തി തീവ്യാപനം തടഞ്ഞു. സ്ഥലത്ത് ഫാക്ട് ഇറക്കിയിട്ടിരുന്ന ജിപ്സത്തിനും തീപിടിച്ചിരുന്നു. ഇവിടെയുള്ള പാചക വാതക സിലിണ്ടർ ഗോഡൗണിലേക്ക് വ്യാപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചതിനാൽ ആശങ്ക ഒഴിവായി. സംഭവമറിഞ്ഞ് ഫാക്ടിന്റെ ഉന്നത ഉദ്യോഗസ്ഥരും സിഐഎസ്എഫും സ്ഥലത്തെത്തിയിരുന്നു.�