
കോടനാട് അഭയാരണ്യത്തില്‍ ചെരിഞ്ഞ ആന
പെരുമ്പാവൂര്‍: കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരുന്ന കൊമ്പന് ചെരിഞ്ഞു. വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ അതിരപ്പിള്ളിയില്‍നിന്ന് ബുധനാഴ്ച രാവിലെ ഇവിടെ എത്തിച്ച് ചികിത്സ നൽകുന്നതിനിടെയാണ് വെള്ളിയാഴ്ച 12ഓടെ ചെരിഞ്ഞത്. മസ്തകത്തിലെ മുറിവ് പഴുത്തതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അണുബാധ തുമ്പിക്കൈയിലേക്ക് ഉള്‍പ്പെടെ വ്യാപിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. കൂടുമായി ഇണങ്ങിവന്ന ആന ഭക്ഷണം കഴിച്ചിരുന്നു.
പറമ്പിക്കുളത്തുനിന്നാണ് രണ്ടുമാസം മുമ്പ് ആന വെറ്റിലപ്പാറ വഴി അതിരപ്പിള്ളിയില്‍ എത്തിയത്. കാലടി പ്ലാന്റേഷന് കോര്പറേഷന് എണ്ണപ്പന തോട്ടത്തിനുസമീപം റോഡിലിറങ്ങി മണ്ണുവാരി ദേഹത്ത് ഇടുന്നതും യാത്രക്കാര്‍ക്ക് തടസ്സമാകുകയും ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ 24ന് ആനയെ വനത്തിനുള്ളില്‍ മയക്കുവെടി െവച്ച് ചികിത്സ നൽകിയിരുന്നു.
മസ്തകത്തിലെ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തിലാകാം എന്നായിരുന്നു നിഗമനം.
കോടനാട് ഫോറസ്റ്റ് ഓഫിസര്‍ കുറ ശ്രീനിവാസ് പ്രത്യേക സംഘം രൂപവത്കരിച്ച് വൈകീട്ട് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മണ്ണുത്തി വെറ്ററിനറി കോളജിലെ ഡോ. ആര്. അനൂപ് രാജ്, പാലക്കാട് എ.എഫ്.വി.ഒ ഡോ. ഡേവിഡ് എബ്രഹാം, തൃശൂര്‍ എ.എഫ്.വി.ഒ ഡോ. ഒ.വി. മിഥുന്, എ.എഫ്.വി.ഒ തൃശൂര്‍ പാര്‍ക്ക് സുവോളജിക്കല്‍ വിഭാഗം എ.എഫ്.വി.ഒ ഡോ. സിറില്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധി സിനി എല്‍ദോ, അഡ്വ. അരുണ്‍ ബേസില്‍, മലയാറ്റൂര്‍ ഡിവിഷന് അഡീ. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ നിതീഷ് കുമാര്‍, ആര്. സന്തോഷ് കുമാര്‍, കാലടി പ്രകൃതി പഠന കേന്ദ്രം കണ്‍വീനറും അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ഡെല്‍റ്റോ എല്‍. മറോക്കി എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ജഡം അഭയാരണ്യത്തിന് സമീപത്തെ വനത്തില്‍ സംസ്കരിച്ചു.