
കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ സമാപന സമ്മേളന സദസ്സ്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സമീപ പ്രദേശമായ അയ്യമ്പുഴയിൽ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയോട് ചേർന്ന് 5000 കോടി മുടക്കി ഹില്‍ടോപ് സിറ്റി നിർമിക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള മൊണാര്‍ക് ഗ്രൂപ്പ് പ്രതിനിധികളാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിമാനത്താവളത്തിൽ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട പദ്ധതിയെന്ന് മൊണാര്‍ക് ഗ്രൂപ്പ് ഡയറക്ടര്‍ സുനില്‍ കോക്രെ പറഞ്ഞു. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ലഭിച്ചെന്നും അധികം വൈകാതെ നിര്‍മാണം തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചണ്ഡിഗഡിലും പുണെയിലുമായി 13 ടൗണ്‍ഷിപ്പുകള്‍ മൊണാര്‍ക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്. കേരളത്തിലെ പദ്ധതിക്കായി വേണ്ടത് 4,00 ഏക്കറാണ്. ഭൂവുടമകള്‍ക്ക് കൂടി ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി വിഭാവനം ചെയ്യുക. പദ്ധതിയിൽ നിന്നും ഭൂവുടമകള്‍ക്ക് സ്ഥിരവരുമാനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവിധ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിലൂടെ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ കൊണ്ടുവരാന്‍ സാധിക്കും.
യൂണിവേഴ്സിറ്റി, ആശുപത്രികൾ, റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കിൽ ഡെവലപ്മെൻറ്, കളിസ്ഥലങ്ങൾ എന്നിവയായിരിക്കും ഇവിടെ ഉണ്ടാവുക. പ്രമുഖ വ്യവസായികളായ എൻ.പി. ആന്റണി, തങ്കച്ചൻ തോട്ടത്തിൽ എന്നിവരാണ് സംരംഭകരെ കേരളത്തിലേക്ക് കൊണ്ടുവന്നത്.
നിക്ഷേപക താൽപര്യപത്രത്തിന്റെ തുടർനടത്തിപ്പിന് പ്രത്യേക സംവിധാനം
കൊച്ചി: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച ഓരോ താൽപര്യപത്രത്തിന്റെയും ശരിയായ തുടര്‍ നടത്തിപ്പിന് പ്രത്യേക സംവിധാനം ഉറപ്പാക്കുമെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഇതിനായി നോഡല്‍ ഓഫിസറെ നിയോഗിക്കുകയും ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി അവലോകനം നടത്തുകയും ചെയ്യും. ഇതിന്റെ പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അവലോകനയോഗം നടത്തും.
നിക്ഷേപക സമൂഹത്തിന് ആത്മവിശ്വാസം നല്‍കാനും സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപവും തൊഴിലവസരവും സാധ്യമാക്കാനുമാണ് ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലൂടെ ലക്ഷ്യമിട്ടത്. ഈ ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിയെന്നാണ് സംസ്ഥാനത്തേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കിലൂടെ വെളിപ്പെടുന്നത്. കേരളത്തില്‍ വ്യവസായ സംരംഭം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യമാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സംരംഭം ആരംഭിക്കാനാകും.
സ്ഥലലഭ്യത ഉൾപ്പെടെ ഒരു പ്രശ്നവും സംരംഭകര്‍ക്ക് നേരിടേണ്ടിവരില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യാഥാർഥ്യബോധമുള്ള നിക്ഷേപ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്. പ്ലാന്റേഷന് ഭൂമി വിനിയോഗിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയുണ്ടാക്കും.
ഭൂനിയമങ്ങളില്നിന്ന് ഇളവുകള്‍ നല്‍കുന്നതിന് മന്ത്രിതല സമിതി രൂപവത്കരിക്കും. ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിടുന്ന ഓരോ താൽപര്യപത്രത്തിനും സര്‍ക്കാര്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം സ്ഥാപിക്കും. ഈ നിര്‍ദേശങ്ങളെക്കുറിച്ചുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ അടുത്ത പ്രവൃത്തിദിവസം മുതല്‍ ആരംഭിക്കും. നിര്‍ദേശങ്ങളുടെ തുടര്‍നടപടികള്‍ക്കായി പ്രത്യേക ഡാഷ്ബോര്‍ഡ് സംവിധാനവും സ്ഥാപിക്കും. യു.എ.ഇ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റോപിയ സമ്മേളനത്തിന് 2026 ജൂലൈയില്‍ കേരളം ആതിഥേയത്വം വഹിക്കും.