
മൂവാറ്റുപുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂവാറ്റുപുഴ നഗരസഭ, പായിപ്ര പഞ്ചായത്ത് എന്നിവിടങ്ങളിലെ വാർഡുകളിലെ പരസ്യപ്രചാരണം അവസാനിച്ചു. നഗരസഭയിലെ പതിമൂന്നാം വാർഡ് ഈസ്റ്റ് ഹൈസ്കൂൾ, പായിപ്ര പഞ്ചായത്തിലെ പത്താം വാർഡ് നിരപ്പ് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൊട്ടിക്കലാശത്തിന് നിരവധി പേരാണ് അണിനിരന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് 10 മാസം ശേഷിക്കെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ ഏറെ വീറും വാശിയുമുള്ളതായിരുന്നു. 25നാണ് ഫലപ്രഖ്യാപനം.
നഗരസഭ 13ാം വാർഡിൽ 1004 വോട്ടാണുള്ളത്. ഈസ്റ്റ് ഹൈസ്കൂളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പായിപ്ര പത്താം വാർഡിൽ 1438 വോട്ടർമാരാണുള്ളത്. നിരപ്പ് അസീസി സ്കൂളിലാണ് വോട്ടെടുപ്പ് നടക്കുക. മൂവാറ്റുപുഴ നഗരസഭയിൽ കൂറുമാറ്റത്തെ തുടർന്ന് കോൺഗ്രസ് അംഗം പ്രമീള ഗിരീഷ് കുമാറിന് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത കൽപിച്ചതോടെയാണ് 13ാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പായിപ്രയിൽ സി.പി.ഐ അംഗം ദീപ റോയി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ലൈഫ് ഭവന പദ്ധതിയിൽനിന്ന് അനർഹമായി നേടിയ തുക മടക്കി നൽകണമെന്ന സി.പി.ഐ നേതൃത്വത്തിന്റെ ആവശ്യം അംഗം നിരസിച്ചതോടെ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ഒടുവിൽ രാജിയിൽ കലാശിച്ചത്. മൂവാറ്റുപുഴ നഗരസഭയിൽ യു.ഡി.എഫിന്റെ കൈയിലിരുന്നതാണ് പതിമൂന്നാം വാർഡ്. യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾക്കുപുറമെ എൻ.ഡി.എ സ്ഥാനാർഥിയും ഇവിടെ മത്സര രംഗത്തുണ്ട്.
യു.ഡി.എഫ് സ്ഥാനാർഥിയായി മേരിക്കുട്ടി ചാക്കോയാണ് ജനവിധി തേടുന്നത്. റീന ഷെരീഫാണ് ഇടത് സ്ഥാനാർഥി. എൻ.ഡി.എ സ്ഥാനാർഥിയായി മെർളിൻ രമണനാണ് മത്സര രംഗത്തുള്ളത്. എൽ.ഡി.എഫിന്റെ കൈവശമിരുന്ന പായിപ്ര പഞ്ചായത്ത് പത്താം വാർഡിൽ എൽ.ഡി.എഫിലെ സീനാ വർഗീസാണ് മത്സര രംഗത്തുള്ളത്. യു.ഡി.എഫ് സ്ഥാനാർഥിയായി സുജാത ജോണും എൻ.ഡി.എ സ്ഥാനാർഥിയായി പി.വി. വിദ്യയുമാണ് മത്സരിക്കുന്നത്.