
സുബിൻ, ബിജിൻ എബ്രഹാം, റോഷൻ, നജ്മൽ
കൊച്ചി: മയക്കുമരുന്നിനെതിരെ നടത്തിയ സംയുക്ത റെയ്ഡിൽ ഒമ്പത് കേസുകളിലായി 13 പ്രതികളെ അറസ്റ്റ് ചെയ്തു. പൊലീസ്, എക്സൈസ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ്, റെയിൽവേ പൊലീസ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
31.46 ഗ്രാം എം.ഡി.എം.എയുമായി എസ്.ആർ.എം റോഡിന് സമീപത്തെ ഹോട്ടലിൽനിന്ന് ഇടുക്കി മറയൂർ ജവഹർ നഗർ പുളിയനിക്കൽ വീട്ടിൽ സുബിൻ (26), പത്തനംതിട്ട നിരണം മാന്നാർ കൂട്ടംപള്ളിയിൽ ബിജിൻ എബ്രഹാം (21) എന്നിവരെയും പാലാരിവട്ടത്തിന് സമീപത്തെ ലോഡ്ജിൽനിന്ന് 1.53 ഗ്രാം എം.ഡി.എം.എയും 1.50 ഗ്രാം കഞ്ചാവുമായി കൊല്ലം മഞ്ഞപ്പാറ കൊന്നുവിള വീട്ടിൽ റോഷൻ (20), കൊല്ലം ചടയമംഗലം നൗഷാദ് മൻസിൽ നജ്മൽ (24) തുടങ്ങിയവരെയും പിടികൂടി.
നഗരത്തിൽ ലഹരി ഉപയോഗവും വിൽപനയും തടയാൻ ലഹരിവസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തിയാണ് റെയ്ഡ് സംഘടിപ്പിച്ചത്. കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ, ഡി.സി.പി അശ്വതി ജിജി, നാർകോട്ടിക് സെൽ എ.സി.പി അബ്ദുൽ സലാം, കസ്റ്റംസ് കമീഷണർ പത്മാവതി, സൂപ്രണ്ട് വികേഷ് കുമാർ, വി. വിവേക്, എൻ.സി.ബി അസി. ഡയറക്ടർ വേണുഗോപാൽ. എക്സൈസ് അസി. കമീഷണർ സുധീർ, റെയിൽവേ പൊലീസ് ഡിവൈ.എസ്.പി ജോർജ് ജോസഫ് എന്നിവർ നേതൃത്വം നൽകി.