
വെറ്റിലപ്പാറ അയ്യപ്പ ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ ഇറങ്ങിയ കൊമ്പന്റെ ചിത്രം
പകര്‍ത്താന്‍ ശ്രമിക്കുന്ന യാത്രക്കാര്‍
അയ്യമ്പുഴ: കാലടി പ്ലാന്റേഷന് ഭാഗങ്ങളില്‍ വനത്തില്‍നിന്ന് എണ്ണപ്പന തോട്ടങ്ങളിലും റോഡുകളിലും ഇറങ്ങുന്ന കാട്ടാനകളുടെ ചിത്രങ്ങളും വീഡീയോകളും പകര്‍ത്താനുളള യുട്യൂബര്‍മാരുടെയും ബ്ലോഗര്‍മാരുടെയും സാഹസിക നീക്കങ്ങള്‍ അപകടകരമാവുന്നു.
കഴിഞ്ഞ ദിവസം ഏഴാറ്റുമുഖം ഗണപതി എന്ന കൊമ്പന് വെറ്റിലപ്പാറ അയ്യപ്പ ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത് നിന്ന് കുറച്ച് യാത്രക്കാര്‍ ചിത്രം പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സമയം ബൈക്കുകളും കാറുകളും റോഡരികില്‍ ഉണ്ടായിരുന്നു. ആന തോട്ടത്തിലേക്ക് കയറിപ്പോവുകയും ചെയ്തു.
കാട്ടാനകള്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടയുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതും പതിവായതോടെ വനംവകുപ്പ് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആനകളെ പ്രകോപിപ്പിച്ച് ചിത്രങ്ങള്‍ എടുത്ത ശേഷം യൂട്യൂബര്‍മാര്‍ മടങ്ങുകയും പിന്നാലെ വരുന്ന വാഹനങ്ങള്‍ ആന ആക്രമിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഈ ഭാഗങ്ങളില്‍ ഉണ്ടായി.
വഴിയാത്രക്കാരെ കൂടാതെ ചില തൊഴിലാളികളും വാച്ചര്‍മാരും ഇത്തരത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ടന്ന് ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ദിവസം പുഴയില്‍ നിന്നിരുന്ന കാട്ടാനക്ക് ചക്ക കൊടുക്കാന്‍ ശ്രമിച്ച രണ്ട് യാത്രക്കാരെ വനംവകുപ്പ് പിടികൂടിയിരുന്നു.