അമ്പലമേട്: അമ്പലമുകൾ വ്യവസായ മേഖലയിൽ അയ്യൻകുഴി പ്രദേശത്ത് കൊച്ചിൻ റിഫൈനറിയുടെയും എച്ച്.ഒ.സിയുടെയും മതിലുകൾക്കുള്ളിൽ ഒമ്പതര ഏക്കറിൽ കുടുങ്ങിക്കിടക്കുന്നവരുടെ സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മുന്നിൽ നടത്തുന്ന സമരം 27 ദിവസം പിന്നിട്ടു. ദിവസവും വൈകുന്നേരമാണ് സമരം നടക്കുന്നത്. ഇവിടെ താമസിക്കുന്ന അധിക പേർക്കും രണ്ട്, മൂന്ന് വീതം സെന്റ് ഭൂമി മാത്രമാണുള്ളത്.
തെക്ക് പടിഞ്ഞാറ് ഭാഗം എച്ച്.ഒ.സിയും കിഴക്ക് വടക്ക് ഭാഗം റിഫൈനറിയുടെയും രണ്ടാൾ പൊക്കത്തിലുള്ള മതിലാണ്. രണ്ട് മതിലുകളുടെ ഇടയിലുള്ള റോഡിലൂടെ മാത്രമേ ഇവിടെ എത്തിപ്പെടാൻ കഴിയുകയുള്ളു.
എന്തെങ്കിലും അപകടം ഉണ്ടായാൽ ഓടി രക്ഷപ്പെടാൻ പോലും കഴിയില്ലെന്ന് സമരസമിതി ജനറൽ സെക്രട്ടറി എം. കെ പങ്കജാക്ഷൻ പറയുന്നു. 1984 മുതൽ ഈ പ്രദേശത്തുള്ളവർ സമരത്തിലാണ്. ഏത് സമയവും ശബ്ദ മലിനീകരണവും വായു മലിനീകരണവുമാണ്. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ശ്വാസകോശ രോഗങ്ങൾ വ്യാപകമാണ്.
കമ്പനികൾ ഭൂമി ഏറ്റെടുത്ത് താമസിക്കുന്നവരുടെ ജീവൻ രക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കോടതി വരെ ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാറോ കമ്പനികളോ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല.
ഇതോടെയാണ് പ്രത്യക്ഷ സമരവുമായി നാട്ടുകാർ രംഗത്ത് വന്നിരിക്കുന്നത്. വരുംദിവസങ്ങളിൽ സമരം ശക്തമാക്കാനുളള നീക്കത്തിലാണ് അയ്യൻകുഴി നിവാസികൾ.
+ There are no comments
Add yours