പനങ്ങാട് (കൊച്ചി): ദേശീയ പാതയിൽ കുമ്പളം-പനങ്ങാട് പാലത്തിന് നടുവിൽ ബെൻസ് കാർ നിർത്തിയിട്ട് മദ്യപിച്ച സംഘം രാത്രികാല പട്രോളിങ്ങിനെത്തിയ പൊലീസിനെ ആക്രമിച്ചു. സംഭത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
ആലപ്പുഴ തൈക്കാട്ടുശ്ശേരി സ്വദേശികളായ വേലംവെളി വീട്ടിൽ ഷമീർ(37), വാത്തിവീട്ടിൽ അനൂപ് (27), കുമ്പളശ്ശേരി വീട്ടിൽ മനു(35), പള്ളത്തിപ്പറമ്പിൽ വീട്ടിൽ വർഗീസ് (35), അമ്പാടി കൃഷ്ണ നിവാസിൽ ജയകൃഷ്ണൻ(28), പുന്നംപൊഴി വീട്ടിൽ കിരൺബാബു(25), വേലിയിൽ വീട്ടിൽ അജയ കൃഷ്ണൻ(28) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലർച്ചെ 1.50 ഓടെ ദേശീയ പാതയിൽ കുമ്പളം-പനങ്ങാട് പാലത്തിന് നടുവിലാണ് സംഭവം. പ്രതികളെ ബെൻസ് കാർ പാലത്തിൽ നിർത്തി ബോണറ്റിലും റോഡിലും ഫുട്പാത്തിലുമൊക്കെയായി മദ്യ ലഹരിയിൽ നിൽക്കുകയായിരുന്നു. ഇതുവഴി പെട്രോളിങ്ങിന് വന്ന കൺട്രോൾ റൂം വെഹിക്കിളിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അവരോട് കാർ മാറ്റിയിടാൻ പറഞ്ഞു. എന്നാൽ, കാർ മാറ്റില്ലെന്ന് പറഞ്ഞ് സംഘം പൊലീസിനെ അസഭ്യം പറഞ്ഞു. വെല്ലുവിളി തുടർന്നപ്പോൾ വിവരം അറിഞ്ഞെത്തിയ പനങ്ങാട് സ്റ്റേഷനിലെ എസ് ഐ ഭരതൻ, സിപിഒമാരായ സൈജു, സതീഷ് എന്നിവർ ചേർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവെ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് നൈറ്റ് എക്കോ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൺട്രോൾ റൂം അസി. കമ്മീഷണർ പി.എച്ച്. ഇബ്രാഹിമിന്റെ നിർദേശാനുസരണം സബ് ഡിവിഷൻ ചാർജിലുണ്ടായിരുന്ന തൃക്കാക്കര സി.ഐ വിപിൻദാസിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കേസിൽ ഒന്നാംപ്രതിയായ ഷമീർ ആലപ്പുഴ പൂച്ചാക്കൽ സ്റ്റേഷനിലെ ആർ.എച്ച്.എസ് ലിസ്റ്റിൽ ഉൾപ്പെട്ടയാളും സ്ത്രീകൾക്കെതിരായ കേസ്, നരഹത്യ ശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയുമാണ്. പ്രതികൾക്കെതിരേ ഒമ്പത് വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായ ഏഴ് പേരെയും കോടതി റിമാൻഡ് ചെയ്തു. പ്രതികൾ ഉപയോഗിച്ച വാഹനത്തിൽ നിന്നും മദ്യകുപ്പികളും ലഭിച്ചിട്ടുണ്ട്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.