മൂവാറ്റുപുഴ: മാർക്കറ്റിനു സമീപം കാളചന്ത റോഡിൽ വിൽപനക്കായി എത്തിച്ച ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് മേരംപൂർ അംജദ് ശൈഖി (47)നെയാണ് പിടികൂടിയത്. 12 വർഷമായി മൂവാറ്റുപുഴ മാർക്കറ്റിൽ താമസിച്ച് സവാള മൊത്ത വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് പ്രതി. കഞ്ചാവ് കൊണ്ടുവന്ന സ്ഥലത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതിയുമായി ഇടപാടുകൾ നടത്തിയവരെ അന്വേഷണസംഘം നിരീക്ഷിച്ചുവരികയാണ്. ക്രൈം സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. ഇൻസ്പെക്ടർ എസ്. ജയകൃഷ്ണന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ വിഷ്ണു രാജു, സി. ജയകുമാർ, എം.എം. ഉബൈസ്, സീനിയർ സി.പി.ഒമാരായ സി.കെ. മീരാൻ, ബിബിൽ മോഹൻ, കെ.എ. അനസ്, ഷാൻ മുഹമ്മദ്, സി.പി.ഒ ഫൈസൽ എന്നിവർ ഉണ്ടായിരുന്നു.