കളമശ്ശേരി: ദേശീയപാതയിൽ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. അടുത്തിടെ ഗതാഗത പരിഷ്കാരം നടപ്പാക്കിയ ടി.വി.എസ് ജങ്ഷനിൽ ബുധനാഴ്ച രാത്രി 11ഓടെയാണ് അപകടം. അമ്പലമേട്ടിലെ ബി.പി.സി.എല്ലിൽനിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കർ ലോറിയാണ് മറിഞ്ഞത്.
റോക്കറ്റിന് ഉപയോഗിച്ചുവരുന്ന വാതകം കയറ്റിയ ടാങ്കർ എച്ച്.എം.ടി ജങ്ഷനിൽനിന്ന് ആലുവ ഭാഗത്തേക്ക് പോകാൻ ടി.വി.എസ് ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. നിറ ടാങ്കാണെങ്കിലും ചോർച്ച ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി അപകടം ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു. ഒപ്പം ഇതുവഴിയുള്ള ഗതാഗതവും തിരിച്ചുവിട്ടു.
ടാങ്കറിന്റെ കാബിൻ തകർന്നെങ്കിലും ഡ്രൈവർ തമിഴ്നാട് സ്വദേശി മുത്തു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബി.പി.സി.എല്ലിൽനിന്ന് വിദഗ്ധരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി വാതകം മറ്റ് വാഹനത്തിലേക്ക് പകർത്താൻ രാത്രി വൈകിയും ശ്രമം തുടരുകയാണ്.