മൂവാറ്റുപുഴ: നഗരസഭയിൽ ഇനി 30 വാർഡ്. നിലവിൽ 28 വാർഡാണ് ഉള്ളത്. പുതുതായി രണ്ട് വാർഡുകൾ കൂട്ടിച്ചേർത്ത് കരട് വിജ്ഞാപനം ഇറങ്ങി. ഇതോടെ തീക്കൊള്ളിപ്പാറ, മുനിസിപ്പൽ കോളനി വാർഡുകൾ നഗരസഭയുടെ ഭൂപടത്തിൽ നിന്നില്ലാതായി. പകരം തൃക്ക, മണിയംകുളം, മിനി സിവിൽ സ്റ്റേഷൻ, വാഴപ്പിള്ളി വെസ്റ്റ് എന്നീ പേരുകളിൽ വാർഡുകൾ നിലവിൽ വന്നു. അതേസമയം നഗരസഭ ഭരിക്കുന്ന യു.ഡി.എഫിന് രാഷ്ട്രീയമായി അനുകൂലമായ നിലയിലാണ് വാർഡുകളുടെ അതിർത്തി പുനർനിർണയവും പുതിയ വാർഡുകളും രൂപവത്കരണവും നടന്നിരിക്കുന്നതെന്ന് ബി.ജെ.പിയും സി.പി.എമ്മും ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സി.പി.എം ഏരിയ കമ്മിറ്റി ലോക്കൽ കമ്മിറ്റികളോട് നിർദേശം നൽകിയിട്ടുണ്ട്.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് ബി.ജെ.പി നേതൃത്വവും വ്യക്തമാക്കി. പതിറ്റാണ്ടുകളോളം എൽ.ഡി.എഫ് ഭരണത്തിലിരുന്ന മൂവാറ്റുപുഴ നഗരസഭ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫിന്റെ കൈയ്യിൽ വന്നത്. കഴിഞ്ഞ കാലങ്ങളിൽ ഇടതുമുന്നണിക്ക് അനുകൂലമായാണ് വാർഡ് വിഭജനം നടന്നിരുന്നതെന്ന ആരോപണം നേരത്തെ യു.ഡി.എഫ് കേന്ദ്രങ്ങളും ഉയർത്തിയിരുന്നു.