കുറുവ ​സാന്നിധ്യം: കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു; 48 മണിക്കൂർ സമയം നൽകി മരട് നഗരസഭ

Estimated read time 0 min read

മരട് (കൊച്ചി): കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാർക്ക് ഒഴിയാൻ രണ്ടുദിവസം കൂടി സമയം അനുവദിച്ച് മരട് നഗരസഭ. ഇവർക്കിടയിൽ കുറുവ മോഷണ സംഘത്തിന്റെ ​സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിരുന്നു. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

ഇവരെ നഗരസഭയുടെ സെന്ററിലേക്ക് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, രണ്ടുദിവസത്തിനകം സ്വയം ഒഴിഞ്ഞ് പോകാം എന്ന് ഇവർ അറിയിച്ചു. കൂടാതെ, ഇവരുടെ കൂടെയുള്ള കുട്ടികളെയും സ്ത്രീകളെയും പ്രായമുള്ളവരെയും പരിഗണിച്ചാണ് നഗരസഭ രണ്ടുദിവസം കൂടി സമയം അനുവദിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഉള്ളിൽ ഒഴിഞ്ഞില്ലെങ്കിൽ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. കുറുവ സംഘാംഗം സന്തോഷ് ശെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് നടപടി.

കർണാടക മൈസൂർ സ്വദേശികളായ പത്തിലധികം പേരാണ് ഇവിടെ താമസിക്കുന്നത്. വർഷങ്ങളായി മരടിന്റെ വിവിധ പ്രദേശങ്ങളിലായി താമസിച്ച് കുട്ടവഞ്ചിയിൽ മീൻപിടിച്ചാണ് ഇവരുടെ ഉപജീവനം. ഇവർക്കിടയിലേക്കാണ് കറുവാസംഘാംഗങ്ങൾ കയറിപ്പറ്റിയത്.

നഗരസഭാധ്യക്ഷൻ ആന്റണി ആശാപറമ്പിൽ നടപടികൾക്ക് നേതൃത്വം നൽകി. ഇവരെ ഒഴിപ്പിച്ച ശേഷം സ്വകാര്യ പങ്കാളിത്തത്തോടെ ഈ ഭാഗം മുഴുവൻ സൗന്ദര്യവൽക്കരണം നടത്തുമെന്നും ആളുകൾക്ക് വിശ്രമ കേന്ദ്രം അടക്കമുള്ളവ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാധ്യക്ഷൻ അറിയിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻമാരായ റിയാസ് കെ. മുഹമ്മദ്, ബിനോയ് ജോസഫ്, കൗൺസിലർമാരായ ബെൻഷാദ് നടുവിലെ വീട്, അനീഷ് ഉണ്ണി ചന്ദ്രകലാധരൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.ഐ ജേക്കബ്സൺ, ജെ.എച്ച്.ഐ ഹുസൈൻ, മരട് എസ്.ഐ ഗോപകുമാർ എന്നിവരും നടപടികളിൽ പങ്കെടുത്തു.

You May Also Like

More From Author