മരട്: കുണ്ടന്നൂർ പാലത്തിനടിയിൽ നിന്ന് കുറുവ സംഘാംഗത്തെ പിടികൂടിയതിനെ തുടർന്ന് പാലത്തിനടിയിൽ പാർപ്പുറപ്പിച്ചവരെ ഒഴിപ്പിക്കുന്നതിനിടെ മോഷണക്കേസ് പ്രതികളെ പൊലീസ് പിടികൂടി.
വയനാട് മടക്കിമല കണ്ടത്ത് ജയിംസ് (34), ഇടുക്കി നെടുങ്കണ്ടം പുത്തൻപറമ്പത്ത് ശിവാനന്ദൻ (32), ശിവാനന്ദന്റെ ഭാര്യ മഹേശ്വരി എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്. ഇരുവരുടെയും പേരിൽ കളമശ്ശേരി, വടക്കേക്കര പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. ഇവരെ വടക്കേക്കര പൊലീസിന് കൈമാറി.
മഅദ്നിയുടെ എളമക്കരയിലെ വീട്ടിൽ മോഷണം; പ്രതി പിടിയിൽ
കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനിയുടെ കൊച്ചി കറുകപ്പിള്ളിയിലെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബിയുടെ പരാതിയിലാണ് തിങ്കളാഴ്ച തിരുവനന്തപുരം സ്വദേശി റംഷാദിനെ എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 37 ഗ്രാം സ്വർണാഭരണങ്ങളും 7500 രൂപയും കാണാതായതായതാണ് പരാതിയിൽ പറയുന്നത്. 2.59 ലക്ഷം രൂപയോളംവരുന്ന സ്വർണവും പണവുമാണ് കവർന്നര്.
എളമക്കര പൊലീസ് വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടി.വി കാമറകൾ പരിശോധിച്ചാണ് റംഷാദിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യംചെയ്തുവരുകയാണെന്ന് എളമക്കര പൊലീസ് പറഞ്ഞു. കറുകപ്പിള്ളിയിലെ വീട്ടിലാണ് ഭാര്യ ഉൾപ്പെടെയുള്ള മഅ്ദനിയുടെ കുടുംബം കഴിയുന്നത്.