പെരുമ്പാവൂര്‍: സ്വകാര്യ ബസുകളുടെ ഓവര്‍ടേക്കിങ് മൂലം വല്ലം ജങ്ഷനിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായി ആക്ഷേപം. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന എം.സി റോഡിലെ പ്രധാന ജങ്ഷനിലൂടെ രണ്ട് വരികളായി കടന്നുപോകേണ്ട വലിയ വാഹനങ്ങള്‍ മിക്കപ്പോഴും മൂന്ന് വരികളായി പോകുന്നത് കുരുക്കിന് പ്രധാന കാരണമായി മാറുകയാണ്.
ബസുകള്‍ നിര പാലിക്കാതെ പോകുന്നതും റോഡിന്റെ മധ്യത്തില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും കുരുക്ക് വര്‍ധിപ്പിക്കുന്നു. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് കാലടി ഭാഗത്തേക്ക് പോകുന്ന ബസുകളാണ് പലപ്പോഴും പ്രശ്നക്കാരാകുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മത്സരയോട്ടം നടത്തുന്ന ബസുകള്‍ മറ്റ് വാഹനങ്ങളെ മറികടക്കാന്‍ നിര പാലിക്കാറില്ല. പുത്തന്‍പാലത്തിന്റെ തുടക്കംമുതല്‍ അമിതവേഗതയില്‍ ജങ്ഷനെ ലക്ഷ്യംവെച്ച് കടക്കുമ്പോള്‍ മറുവശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമാകുകയും മൊത്തം ഗതാഗതത്തെ ബാധിക്കുകയുമാണ്. നിര പാലിച്ചാല്‍ കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും ബസുകള്‍ അവഗണിക്കുകയാണെന്നാണ് ആക്ഷേപം.
ബസുകളുടെ ഓവര്‍ടേക്കിങ് നാട്ടുകാര്‍ ചോദ്യംചെയ്യുന്നത് സംഘര്‍ഷാവസ്ഥക്ക് കാരണമാകുന്നുണ്ട്. അപകടങ്ങളും പതിവാണ്. ഗതാഗതം നിയന്ത്രിക്കുന്ന പൊലീസ് ബസുകാരുടെ നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. കാലടി ടൗണിലേതുപോലെ ബാരിക്കേഡ് വെച്ചുള്ള പരീക്ഷണവും ബസുകള്‍ അവഗണിച്ചതോടെ പാളി.
കോടനാട്, റയോണ്‍പുരം, കാലടി, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍നിന്ന് കൂട്ടത്തോടെ എത്തുന്ന വാഹനങ്ങളെ ഉൾക്കൊള്ളാന്‍ മാത്രം വിസ്താരം ജങ്ഷനില്ല. അത്യാസന്ന നിലയിലായ രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍പോലും ഏറെസമയം കുരുക്കില്‍പെട്ട് പോകാറുണ്ട്. തിരക്കുള്ള ജങ്ഷനിലെ കുരുക്കിന് പരിഹാരം കാണാന്‍ അധികൃതർ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങളെ പിടികൂടാന്‍ പരിശോധനകള്‍ ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.