കൊച്ചി: സ്വകാര്യ ബസിൽ പുകവലിക്കുകയും യാത്രക്കാരെ ശല്യപ്പെടുത്തുകയും ഇക്കാര്യം ചോദ്യം ചെയ്ത കണ്ടക്ടറെ മർദിക്കുകയും ചെയ്ത സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. പുതുവൈപ്പ് സ്വദേശി ജോബി(30), കാക്കനാട് സ്വദേശി സി.എസ് ഷാജി (27) എന്നിവരെയാണ് സെൻട്രൽ പൊലീസ് ഓടിച്ചിട്ട് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
കാക്കനാട്-തോപ്പുംപടി റൂട്ടിലോടുന്ന ഷാന ബസിൽ കയറിയ ജോബിയും ഷാജിയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും യാത്രക്കാരോട് അപമര്യാദമായി പെരുമാറി. ബസിലിരുന്ന് പുകവലിച്ചു. ഇത് ചോദ്യം ചെയ്ത കണ്ടക്ടർ രഞ്ജിത്തിനെ മർദിച്ചു. തുടർന്ന് ഡ്രൈവർ സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു. സ്റ്റേഷനിലെത്തിയ ഉടൻ അക്രമികൾ ബസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.
പലവഴിക്കായി ഓടിയ ഇവരെ പൊലീസ് പിന്തുടർന്നു. ജോബിയെ ഹൈക്കോർട്ട് ജങ്ഷന് സമീപത്ത് നിന്നും ഷാജിയെ സ്റ്റേഷനിൽ നിന്നും അകലെയുള്ള ഫ്ലാറ്റ് വളപ്പിൽ നിന്നുമാണ് പിടികൂടിയത്. അടിപിടി, മോഷണ കേസുകളിൽ പ്രതിയാണ് ഇരുവരുമെന്ന് സെൻട്രൽ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

