ഓണക്കാലം വ്യാപാര മേഖലക്ക് മാത്രമല്ല പൊതുഗതാഗതത്തിനും ഉണർവ് നൽകിയ നാളുകളാണ്. കെ.എസ്.ആർ.ടി.സി, മെട്രോ എന്നിവ ഓണക്കാലത്ത് മികച്ച നേട്ടം കൊയ്തു. ഓണക്കാലത്തിന് കൂടുതൽ സർവിസുകൾ ഇറക്കി കെ.എസ്.ആർ.ടി.സി നേട്ടം കൊയ്തപ്പോൾ സ്ഥിരം യാത്രക്കാരും വിനോദ സഞ്ചാരികളടക്കമുള്ളവരും ചേർന്ന് മെട്രോയെയും വാട്ടർ മെട്രോയെയും മുന്നോട്ട് നയിച്ചു.
ഓളങ്ങളിൽ ഓടി നേടി വാട്ടർ മെട്രോ
ഓണക്കാലത്ത് വാട്ടർ മെട്രോക്കും മികച്ച കലക്ഷനാണ്. മറൈൻ ഡ്രൈവിലെത്തിയ സഞ്ചാരികളിൽ ബഹുഭൂരിപക്ഷവും വാട്ടർ മെട്രോയിൽ കയറിയ ശേഷമാണ് മടങ്ങിയത്. 20 രൂപക്ക് കൊച്ചിയിലും വൈപ്പിനിലേക്കുമുള്ള യാത്ര ആസ്വദിക്കാനും നിരവധിപേരാണ് എത്തിയത്. ചിറ്റൂർ ഭാഗത്തേക്കുള്ള സർവിസിനും ഇപ്പോൾ സഞ്ചാരികൾ ഉണ്ട്.
ജൂലൈയിൽ മഴക്കാലം പിടിമുറുക്കിയതോടെ സഞ്ചാരികളില്ലാതെ കഷ്ടപ്പാടിലായിരുന്ന ടൂറിസ്റ്റ് ബോട്ടുടമകളും ജീവനക്കാരും ഈ ഓണാവധി ആശ്വാസമായിട്ടുണ്ട്. മെച്ചപ്പെട്ട കലക്ഷനാണ് ഇക്കുറി ലഭിച്ചതെന്ന് ബോട്ട് ഉടമകൾ പറഞ്ഞു. വൈപ്പിൻ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, ബോൾഗാട്ടിപാലസ്, ഗോശ്രീ പാലം, രാമൻതുരുത്ത് ഐലൻഡ്, വല്ലാർപാടം പള്ളി, കൊച്ചി അഴിമുഖം എന്നിവിടങ്ങളിലേക്ക് നിരവധിപേർ യാത്രക്കെത്തിയതായും ബോട്ടുടമകൾ പറഞ്ഞു.
10 ദിവസം; കലക്ഷൻ 2.15 കോടി
കൊച്ചി: ഇത്തവണത്തെ ഓണക്കാലം കെ.എസ്.ആർ.ടി.സിയെയും നിരാശരാക്കിയില്ല. 10 മുതൽ 20 വരെയുള്ള കണക്കനുസരിച്ച് 2.15 കോടിയാണ് എറണാകുളം യൂനിറ്റ് നേടിയത്. ഇതിൽ 13ന് 26,57,433 രൂപയും 17ന് 23,11,619 രൂപയുമായിരുന്നു വരുമാനം. കെ.എസ്.ആർ.ടി.സി ലക്ഷ്യമിട്ടതിനെക്കാൾ കൂടിയ തുകയാണിത്. സാധാരണ 10 ലക്ഷം മുതൽ 15 ലക്ഷം വരെ ലഭിക്കുന്നിടത്താണ് ഇത്.
ഓണനാളുകളിൽ ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായത് കെ.എസ്.ആർ.ടി.സിയാണ്. പലർക്കും ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാഞ്ഞതും സ്വകാര്യബസിലെ കൂടിയ നിരക്കും വില്ലനായതോടെ നാട്ടിലേക്കുള്ള വരവ് പ്രതിസന്ധിയിലായിരുന്നു. ഇതുമൂലം പലരും കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുകയായിരുന്നു. ഷെഡ്യൂളുകൾ ക്രമീകരിച്ചതും കൂടുതൽ സർവിസുകൾ നിരത്തിലിറക്കാൻ കഴിഞ്ഞതുമാണ് വരുമാനം വർധിക്കാൻ ഇടയാക്കിയത്. കെ.എസ്.ആർ.ടി.സി സെപ്റ്റംബർ 10 മുതൽ 20 വരെ നടത്തിയ സർവിസുകളുടെ തീയതി, വരുമാനം എന്നീ ക്രമത്തിൽ.