കിഴക്കമ്പലം: കടമ്പ്രയാറിലേക്ക് ഒഴികിയെത്തുന്ന മലിനജലവും മാലിന്യവും മൂലം കടമ്പ്രയാറിലെ മത്സ്യസമ്പത്ത് കൂട്ടത്തോടെ നശിക്കുന്നു. വിവിധ സ്വകാര്യ കമ്പനിയില്‍നിന്നും വ്യവസായ ശാലകളില്‍നിന്നും മലിന ജലവും രാസമാലിന്യവും കടമ്പ്രയാറിലേക്കാണ് എത്തിച്ചേരുന്നത്. ഇതുമൂലം കടമ്പ്രയാറിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞ അവസ്ഥയിലാണ്.
പലപ്പോഴും രാസമാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നതിനെ തുടര്‍ന്ന് മത്സ്യം കൂട്ടത്തോടെ ചത്തുപൊങ്ങുന്നതും നിത്യസംഭവമാണ്. കേന്ദ്ര -സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലപ്രാവശ്യം കടമ്പ്രയാറിലെത്തുകയും വെള്ളം പരിശോധനക്കായി എടുത്തങ്കിലും മലിനീകരണം എവിടെനിന്നാണന്ന് കണ്ടെത്താനായില്ല.വെള്ളത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും അതിനാല്‍ വെള്ളത്തില്‍ ഇറങ്ങനാകുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നാടന്‍ മത്സ്യങ്ങളുടെ കലവറ എന്നാണ് കടമ്പ്രായാറിനെ നാട്ടുകാര്‍ വിശേഷിപ്പിച്ചിരുന്നത്.
നാട്ടുകാര്‍ വൈകുന്നേരങ്ങളില്‍ മത്സ്യം പിടിക്കുന്നതിന് പുറമെ ഈ പ്രദേശങ്ങളില്‍ നിരവധി മത്സ്യത്തൊഴിലാളികളും ഉണ്ടായിരുന്നു. പുല്ലും പായലും നിറഞ്ഞതോടെ കടമ്പ്രയാറിലേക്ക് വല ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്.പലപ്പോഴും കടമ്പ്രായറില് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചങ്കിലും ബാറ്ററി ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതിനാല്‍ കൂട്ടത്തോടെ ചാവുന്നതും നിത്യസംഭവമാണ്. കിഴക്കമ്പലം, കുന്നത്തുനാട്, എടത്തല, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലും നിരവധി തൊഴിലാളികളും ഈ തൊഴിലില്‍നിന്ന് പിന്മാറിയ അവസ്ഥയാണ്.
കടമ്പ്രയാര്‍ ടൂറിസം പദ്ധതി കുന്നത്തുനാടിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന പ്രതിക്ഷയുണ്ട്. അന്ന് ടൂറിസം മേഖലയോടൊപ്പം മത്സ്യസമ്പത്തും വർധിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികള്‍.