കൊച്ചി: ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി നാട്. നഗരത്തിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും വൈവിധ്യമാർന്ന പരിപാടികളാണ് ഒരുങ്ങുന്നത്.
നാടെങ്ങും ക്രിസ്മസ് നക്ഷത്രങ്ങളും പാപ്പമാരും കേക്ക്-വിപണന മേളകളും നിറഞ്ഞുകഴിഞ്ഞു. പരീക്ഷച്ചൂടിന് വിടയേകി വിദ്യാർഥികൾക്ക് ക്രിസ്മസ് അവധി ആരംഭിച്ചതോടെ നാടെങ്ങും ഉത്സവാരവത്തിലാണ്.
വർണവൈവിധ്യമൊരുക്കി ഫ്ലവർഷോ
ജില്ല അഗ്രി ഹോർട്ടികൾചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെൻറ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കൊച്ചിൻ ഫ്ലവർ ഷോ മറൈൻ ഡ്രൈവിൽ ഞായറാഴ്ച ആരംഭിക്കും. കഴിഞ്ഞ പുഷ്പോത്സവത്തെക്കാൾ ഇരട്ടി ചതുരശ്ര അടിയിൽ ആണ് ഇത്തവണ മേള ഒരുക്കിയിരിക്കുന്നത്.
5000ത്തിനുമേൽ ഓർക്കിഡുകൾ, അഡീനിയം, ആന്തൂറിയം, റോസ്, വിവിധ നിറത്തിലുള്ള പൂക്കളുമായി വാർഷിക പൂച്ചെടികൾ, ബോൺസായ് ചെടികൾ, പലതരം സക്കുലൻഡ് ചെടികൾ, പുഷ്പാലങ്കാരം, വെജിറ്റബിൾ കാർവിങ് എല്ലാം ഉൾപ്പെടുന്നുണ്ട്. കൂടാതെ, മിത ശീതോഷ്ണ കാലാവസ്ഥയിലെ പൂച്ചെടികളായ കല്ലാ ലില്ലി, അമാരില്ലസ്, ഫ്യൂഷിയ, യുസ്റ്റോമ, അസേലിയ തുടങ്ങിയവ സന്ദർശകർക്ക് കൗതുകം ഉണർത്തും. ജനുവരി ഒന്നുവരെ നീളുന്ന ഫ്ലവർ ഷോയിലേക്കുള്ള പ്രവേശനം പാസ് മൂലമാണ്.
കാർണിവലിനൊരുങ്ങി ഫോർട്ട് കൊച്ചി
ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഫോർട്ട് കൊച്ചിയിൽ സംഘടിപ്പിച്ചിട്ടുള്ളത്. ഞായറാഴ്ച മുതൽ മത്സരങ്ങൾ നടക്കും. കൂടാതെ മെഗാഷോ, നാടകം, ഓട്ടൻതുള്ളൽ, വൈദ്യുതാലങ്കാരങ്ങളുടെ ഉദ്ഘാടനം, കോലംവരക്കൽ, രംഗോലി, ഗാനമേള, ഗാട്ടാഗുസ്തി, ഡി.ജെ, മാരത്തൺ, വടംവലി, കയാക്കിങ്, കുറാഷ്, തേക്കൂട്ടം, ക്യാറ്റ്ബെൽറ്റ്, കളരിപ്പയറ്റ് അടക്കം വിവിധ പരിപാടികൾ അരങ്ങേറും.
31ന് രാത്രി ഏഴിന് പരേഡ് മൈതാനത്ത് ഓപൺ മൈക് ബാൻഡ്. ഒമ്പതുമുതൽ മെഗാ മ്യൂസിക് ഷോ. 12ന് പാപ്പയെ കത്തിക്കൽ. ജനുവരി ഒന്നിന് വൈകീട്ട് നാലിന് കാർണിവൽ റാലി ഫോർട്ട്കൊച്ചി വെളി മൈതാനത്തുനിന്ന് ആരംഭിക്കും. വൈകീട്ട് ആറിന് പരേഡ് മൈതാനത്ത് സമാപന സമ്മേളനവും തുടർന്ന് ഡി.ജെയും നടക്കും.
തുമ്പിച്ചാലൊരുങ്ങി
ആലുവ: പുതുവത്സരാഘോഷ പരിപാടിയായ കീഴ്മാട് തുമ്പിച്ചാൽ ഫെസ്റ്റിന് തിങ്കളാഴ്ച തുടക്കമാകും. ഇതിന് മുന്നോടിയായി വിവിധ തരത്തിലുള്ള നാനൂറിലധികം നക്ഷത്രങ്ങൾ സ്ഥാപിച്ചു. പ്രകൃതിദത്ത തടാകമായ തുമ്പിച്ചാലിൽ കഴിഞ്ഞ രണ്ടുവർഷവും പുതുവർഷത്തോടനുബന്ധിച്ച് ഫെസ്റ്റ് നടത്തിയിരുന്നു. തുമ്പിച്ചാലിൽ സ്ഥാപിച്ച ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ ശനിയാഴ്ച വൈകീട്ട് നിർവഹിച്ചു. 10 ദിവസത്തെ ആഘോഷ പരിപാടികളാണിവിടെ നടക്കുന്നത്.�
മണപ്പാട്ടുചിറയിൽ മെഗാ കാർണിവൽ 25ന് തുടങ്ങും
മലയാറ്റൂര്‍: ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂര്‍ മണപ്പാട്ടുചിറക്ക് ചുറ്റും നക്ഷത്രം തൂക്കുന്ന നക്ഷത്ര തടാകം മെഗാ കാര്‍ണിവല്‍ 25 മുതല്‍ 31വരെ നടക്കുമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ, മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി ആവോക്കാരന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചിറക്ക് ചുറ്റും 10,024 നക്ഷത്രങ്ങള്‍ തെളിക്കും. ദിവസവും വൈകീട്ട് അഞ്ചുമുതല്‍ രാത്രി 11 വരെയാണ് കാര്‍ണിവല്‍. 31ന് രാത്രി 12ന് കൂറ്റന്‍ പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കുന്നതോടെ കാര്‍ണിവല്‍ സമാപിക്കും.
+ There are no comments
Add yours