കൊച്ചി: സർക്കാരിന് കീഴിലുള്ള ‘മിഷൻ വാത്സല്യ’ പദ്ധതി പ്രകാരം ജില്ലയിലെ ചൈൽഡ് കെയർ സ്ഥാപനങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുന്നത് പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമായ 600ഓളം കുട്ടികളെ.
48 ചൈൽഡ് കെയർ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ രണ്ടെണ്ണം സർക്കാർ ഉടമസ്ഥതിയിലുള്ളതും 46 എണ്ണം എൻ.ജി.ഒകൾക്ക് കീഴിലുള്ളതുമാണ്. അരക്ഷിതാവസ്ഥയിലുള്ള കുട്ടികളെയാണ് പ്രധാനമായും ഇവിടെ പ്രവേശിപ്പിക്കുന്നത്.
വനിത, ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷൻ വാത്സല്യ പദ്ധതി പ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവിലൂടെയാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്.
ജില്ല ശിശു സംരക്ഷണ ഓഫിസർക്കാണ് മേൽനോട്ട ചുമതല. അതിക്രമങ്ങൾക്ക് ഇരയാക്കപ്പെട്ട കുട്ടികൾ മുതൽ സുരക്ഷയില്ലാതെ വീടുകളിൽ കഴിയേണ്ടി വരുന്ന കുട്ടികളെ വരെ ഇവിടെ പ്രവേശിപ്പിക്കുന്നുണ്ട്.
കുട്ടികൾക്ക് മാനസിക പിന്തുണ നൽകി കരുതലോടെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുക, ആരോഗ്യമുള്ള സന്തോഷപ്രദമായ ബാല്യകാലം ഉറപ്പാക്കുക, അവരിലെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് സെന്ററിലൂടെ നടപ്പാക്കുന്നത്. കേന്ദ്ര, സംസ്ഥാന ഫണ്ടുകളോടെയാണ് പദ്ധതിയുടെ പ്രവർത്തനം.
പ്രവേശനം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവ് പ്രകാരം
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് കുട്ടികളെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനുകളിൽ പ്രവേശിപ്പിക്കുക. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവരാണെന്ന് കമ്മിറ്റി അന്വേഷണത്തിലൂടെ ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. വിവിധ സാഹചര്യങ്ങളിൽ പൊലീസ്, ചൈൽഡ് ഹെൽപ് ലൈൻ തുടങ്ങിയ സംവിധാനങ്ങൾക്ക് മുന്നിൽ സംരക്ഷണം ആവശ്യമുള്ളവരായി എത്തുന്ന കുട്ടികളെ അവർക്ക് സി.ഡബ്ല്യു.സിക്ക് മുന്നിൽ ഹാജരാക്കാം. കുട്ടിയുടെ സാഹചര്യങ്ങൾ സി.ഡബ്ല്യു.സി പഠിക്കും. സംരക്ഷണത്തിന് ആരുമില്ലാത്ത സാഹചര്യമാണെങ്കിൽ ഹോമിലേക്ക് ഉത്തരവ് സഹിതം കുട്ടികളെ എത്തിക്കും. കുട്ടികൾക്കുള്ള ഷെൽട്ടർ, വിദ്യാഭ്യാസം, കലാകായിക പരിപോഷിപ്പിക്കാനുള്ള സംവിധാനം, കൗൺസിലിങ് നൽകുന്നതിനുള്ള സംവിധാനം എന്നിവയൊക്കെ ഹോമുകളിൽ നൽകും. 16 വയസ്സിന് ശേഷമുള്ളവരെ പുനരധിവസിപ്പിക്കുക ആഫ്റ്റർ കെയർ ഹോമായ തേജോമയയിലാണ്. കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ വൊക്കേഷനൽ ട്രെയിനിങ് ഉൾപ്പെടെ നൽകും.
കുട്ടികളുടെ അവകാശങ്ങൾക്ക് സംരക്ഷണം
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് ആസൂത്രണം ചെയ്ത് മിഷൻ വാത്സല്യ നടപ്പാക്കുന്നത്. അവർക്ക ശക്തമായ സാമൂഹിക സുരക്ഷ ഉറപ്പാക്കി സന്തുഷ്ട കുടുംബാന്തരീക്ഷത്തിൽ വളരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ അധികൃതർ നടപടിയെടുക്കുന്നു. കുട്ടികളുടെ അതിജീവനം, ഭാവി, സുരക്ഷ, പങ്കാളിത്തം എന്നിവ മിഷൻ വാത്സല്യ ഉറപ്പാക്കുന്നു.
ആവശ്യമായ സേവനങ്ങൾ അടിയന്തര പരിഗണനയോടെ നടപ്പാക്കുകയും ചെയ്യുന്നു. കൗൺസലിങ് അടക്കം സേവനങ്ങൾ ഇത്തരത്തിൽ ലഭ്യമാക്കുന്നുണ്ട്. കുടുംബങ്ങൾക്കുള്ളിലും സമൂഹത്തിലും പ്രയാസങ്ങൾ നേരിടുന്ന കുട്ടികളെ കണ്ടെത്തി അവരെ ചൂഷണങ്ങളിൽനിന്ന് സംരക്ഷിക്കുകയും ഉത്തരവാദിത്തമാണെന്ന് അധികൃതർ കണക്കാക്കുന്നു. പദ്ധതിയിലൂടെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്. വിവിധ തലങ്ങളിൽ കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ കൃത്യമായി നിരീക്ഷണം നടത്തിവരികയാണ് മിഷൻ വാത്സല്യ.
മിഷൻ വാത്സല്യ പദ്ധതിയുടെ ലക്ഷ്യങ്ങൾ
- പ്രയാസകരമായ സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ പിന്തുണക്കുകയും സംരക്ഷണം നൽകുകയും ചെയ്യുക
- വ്യത്യസ്ത പശ്ചാത്തലത്തിലുള്ള കുട്ടികളുടെ സമഗ്രവികസനത്തിനായി സന്ദർഭാധിഷ്ഠിത പരിഹാരങ്ങൾ കാണുക
- പരിഗണന ആവശ്യമായ കുട്ടികളുടെ സംരക്ഷണത്തിനും മികച്ച ഭാവിക്കുമായി നൂതന പ്രവർത്തനങ്ങൾ നടപ്പാക്കുക
- കുട്ടികളുടെ സംരക്ഷണത്തിനായി ശക്തമായ നടപടികളെടുക്കുക