മൂവാറ്റുപുഴ: നഗരത്തിലടക്കം ലഹരി മാഫിയ സംഘം പിടിമുറുക്കിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും അടക്കം രാസലഹരി അടക്കം വിൽപന നടത്തുന്ന സംഘത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ വിവരങ്ങൾ ലഭ്യമായിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല.10 വയസ്സുകാരനുവരെ കഞ്ചാവ് ബീഡി നൽകി ലഹരിക്ക് അടിമകളാക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുെണ്ടന്നാണ് വിവരം. സ്റ്റേഡിയം പരിസരം, വെള്ളൂർക്കുന്നം, മാർക്കറ്റ് ബസ് സ്റ്റാൻഡ് പരിസരം, ലതാ സ്റ്റാൻഡ്, പായിപ്ര തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി സംഘങ്ങൾ സജീവമാണ്.
പ്രമുഖരുടെ മക്കൾ വരെ രാസലഹരി വിൽപനയിലും ഉപയോഗത്തിലും പങ്കാളികളാണെന്ന് വ്യക്തമാക്കി വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അജി മുണ്ടാട്ട് രംഗത്തു വന്നതോടെയാണ് ജനരോഷം ഉയർന്നത്. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രാസലഹരി നിർമാണം നടക്കുന്നതായി പരാതി ഉയർന്നതിനെത്തുടർന്ന് എറണാകുളത്തുനിന്ന് പ്രത്യേകസംഘം എത്തി പരിശോധന നടത്തി. എന്നാൽ, തുടർ നടപടികളുണ്ടായില്ല. ഇതിനുശേഷമാണ് രാസലഹരി ഉപയോഗവും വിൽപനയും വർധിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരിൽ ഒരുവിഭാഗം ലഹരി വ്യാപനത്തിന് എതിരെ കണ്ണടയ്ക്കുന്നതാണ് ഇത്തരക്കാർക്ക് പ്രചോദനമായി മാറുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ലഹരിക്കെതിരായ ബോധവത്കരണത്തിൽ മാത്രമാണ് ചില ഉദ്യോഗസ്ഥർക്ക് താൽപര്യം എന്നാണ് പരാതി. ഇതിനിടെ, കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥനെതിരെ ഭീഷണി മുഴക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.