കൊച്ചി: പുതുമോടിയിൽ അണിഞ്ഞൊരുങ്ങിയ ചങ്ങമ്പുഴ പാർക്ക് വ്യാഴാഴ്ച തുറക്കും. 4.24 കോടി രൂപ മുടക്കിയുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് പാർക്ക് പുതുമോടിയിൽ തുറക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർക്ക് തുറന്നുനൽകും.
കലാ-സംഗീത-സാംസ്കാരിക പ്രവർത്തകരുടെ സംഗമഭൂമിയായി നാലര പതിറ്റാണ്ട് മുമ്പാണ് ഇടപ്പള്ളിയിൽ ചങ്ങമ്പുഴ പാർക്കും തുടർന്ന് സാംസ്കാരിക കേന്ദ്രവുമെല്ലാം ആരംഭിക്കുന്നത്. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളക്ക് ജന്മനാടായ ഇടപ്പള്ളിയിൽ സ്മാരകം നിർമിക്കണമെന്ന ആവശ്യമായിരുന്നു ഇതുവഴി യാഥാർഥ്യമായത്.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യങ്ങൾക്കൊടുവിലാണ് ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ നടന്നത്. ഇതിനായി കൊച്ചിൻ സ്മാർട്ട് മിഷൻ വഴി അനുവദിച്ച 4.24 കോടി രൂപ ഉപയോഗിച്ച് ജി.സി.ഡി.എയാണ് നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. പാർക്കിന്റെ മുൻവശത്തായി നിന്ന ചങ്ങമ്പുഴയുടെ പ്രതിമ നടുമുറ്റത്തേക്ക് മാറ്റി. പാർക്കിലെ ഓഡിറ്റോറിയം വിപുലമാക്കി. നേരത്തേ 200 പേർക്ക് ഇരിക്കാമായിരുന്നെങ്കിൽ ഇപ്പോൾ അത് മുന്നൂറായി. മേൽക്കൂരയും സീലിങ്ങും മനോഹരമാക്കി. നടപ്പാത പുനർനിർമിച്ചു. ഇഷ്ടിക നടപ്പാതക്ക് പകരം ഗ്രാനൈറ്റ് പാകിയ നടപ്പാതയാണ് ചുറ്റും. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കി.
നിലവിലെ ഓഫിസ് കെട്ടിടത്തിന് മുകളിലായി ആർട്ട് ഗാലറി, ആംഫി തിയറ്റർ എന്നിവ സ്ഥാപിച്ചു. കൂടുതൽ ശൗചാലയങ്ങളും പാർക്കിലുൾപ്പെടെ കൂടുതൽ വിശ്രമ സംവിധാനങ്ങളും ഏർപ്പെടുത്തി. മുറ്റം ബുഫാലോ ഗ്രാസും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പ്രഭാത സവാരിക്കാർക്കായി പുലർച്ച അഞ്ചിന് തുറക്കുന്ന പാർക്കിൽ വൈകീട്ട് നാലുമുതൽ രാത്രി 10 വരെയാണ് സജീവമായ പ്രവർത്തനങ്ങൾ നടക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരാഴ്ച നീളുന്ന കലാ-സംസ്കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.