ഫോർട്ടുകൊച്ചി: നെഹ്റുവിന്റെ സ്മരണാർഥം സ്ഥാപിച്ച കൊച്ചി നഗരസഭ വക ഫോർട്ട്കൊച്ചി കുട്ടികളുടെ പാർക്കിന്റെ നവീകരണം ഇഴയുന്നു. ക്രിസ്മസ് അവധി ആഘോഷിക്കാൻ കഴിയാനാകാത്ത അവസ്ഥയാണ് നേരിടുന്നത്.
നവംബറിനു മുമ്പ് പണിതീർത്ത് തുറന്ന് കൊടുക്കുമെന്നാണ് സി.എസ്.എം.എൽ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, അവധിക്കാലം എത്തിയിട്ടും വേണ്ടത്ര ജോലിക്കാരെ നിയമിക്കാതെ പണി ഏതാണ്ട് പ്രാരംഭഘട്ടത്തിൽ തന്നെ. പാർക്കിന്റെ നല്ലൊരു ഭാഗവും പൊളിച്ചിട്ടിരിക്കുകയാണ്. ഫോർട്ട്കൊച്ചി മേഖലയിലെ കുട്ടികളുടെ പ്രധാന വിനോദ കേന്ദ്രമാണിത്.
ടൂറിസ്റ്റ് സീസൺ തുടങ്ങിയപ്പോൾ മുതൽ സഞ്ചാരികൾക്കൊപ്പം കൊച്ചി കാണാനെത്തുന്ന കുട്ടികളും വിനോദത്തിന് ഇടമില്ലാതെ നിരാശരായി മടങ്ങുകയാണ്. അധികാരികളെ സംബന്ധിച്ചിടത്തോളം കറവപ്പശുകൂടിയാണ് പാർക്ക്. ഓരോ രണ്ടു വർഷം കൂടുമ്പോഴും പാർക്കിൽ നവീകരണം പതിവാണ്. വിവിധ ഫണ്ടുകളാണെന്ന് മാത്രം. ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴും വിനോദത്തിന് ഒരുക്കുന്നത് വില കുറഞ്ഞ കളി ഉപകരണങ്ങളെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു ടൂറിസം മേഖലയായ മട്ടാഞ്ചേരിയിലെ നഗരസഭ പാർക്കിന്റെ സ്ഥിതിയും ഏതാണ്ട് ഇതുതന്നെയാണ്. അവിടെയും നവീകരണവും മുടന്തുകയാണ്. ഫോർട്ട്കൊച്ചി പാർക്ക് കൊച്ചി നഗരസഭ പ്രത്രിപക്ഷ നേതാവിന്റെ ഡിവിഷനിലാണെങ്കിൽ മട്ടാഞ്ചേരി പാർക്ക് ഡെപ്യൂട്ടി മേയറുടെ ഡിവിഷനിലുമാണ്. കുട്ടികളുടെ വിനോദ കാര്യങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ കാഴ്ച്പ്പാടിലാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നതാണ്.