തൃപ്പൂണിത്തുറ: ഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും ഉടമയെ കബളിപ്പിച്ച് 13 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി അറസ്റ്റിലായി. എരുമേലി കനകപ്പലം മണ്ണിൽ ഹൗസിൽ സുമിത് എബ്രഹാം ചെറിയാൻ (29) നെയാണ്
ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡ്രൈവറായി ജോലി ചെയ്തിരുന്ന തൃപ്പൂണിത്തുറ വാലുമ്മേൽ റോഡ് വലിയകുളങ്ങര വീട്ടിൽ പോൾ ജെയിംസിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. കഴിഞ്ഞ ജൂൺ 11ന് രാവിലെ വീട്ടുടമസ്ഥനെ ജോലി സ്ഥലത്താക്കിയ ശേഷം തിരിച്ച് വീട്ടിലെത്തിയ സുമിത് അലമാരിയിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണവും സ്വർണ്ണ നാണയങ്ങളുമുൾപ്പെടെ 13 പവനോളം സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാറിൽ നിന്നും ഹിൽപാലസ് ഇൻസ്പെക്ടർ ആനന്ദബാബു, സി.പി.ഒമാരായ ബൈജു കെ.എസ്, പോൾ മൈക്കിൾ,
സൈബർ സ്റ്റേഷൻ പൊലീസ് ഉദ്യോഗസ്ഥൻ അരുൺ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.