കൊച്ചി: ശമ്പളമുടക്കം പതിവായതോടെ സമഗ്രശിക്ഷ ജീവനക്കാർ പ്രതിസന്ധിയിൽ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ സമഗ്രശിക്ഷ കേരളയിലെ ജീവനക്കാരാണ് പ്രതിസന്ധിയിലായത്. പദ്ധതിക്ക് കീഴിലെ ജീവനക്കാർക്ക് ജൂണിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാമ്പത്തിക വർഷം മുതലാണ് പ്രതിസന്ധി രൂക്ഷമായത്. എല്ലാ മാസവും വൈകിയാണ് ശമ്പളമെത്തുന്നത്. ഏപ്രിലിലെ ശമ്പളം മേയ് 20നും മേയിലേത് ജൂൺ 15നുമാണ് ലഭിച്ചത്.
കേന്ദ്രവിഹിതമായ 60 ശതമാനവും സംസ്ഥാന വിഹിതമായ 40 ശതമാനവും ഫണ്ടുപയോഗിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നത്. കേന്ദ്രവിഹിതം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഡെപ്യൂട്ടേഷൻ-കരാർ-ദിവസ വേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ആറായിരത്തോളം ജീവനക്കാരാണ് ഇതോടെ പ്രതിസന്ധിയിലായത്.
ഇതിൽ ബഹുഭൂരിപക്ഷവും നിസ്സാര ശമ്പളമുള്ള താൽക്കാലികക്കാരാണ്. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ ഭിന്നശേഷി വിദ്യാർഥികളെ പഠിപ്പിക്കുന്ന എലിമന്ററി സ്പെഷൽ എജുക്കേറ്റേഴ്സ്, എട്ടുമുതൽ പ്ലസ് ടു വരെയുള്ളവരെ പഠിപ്പിക്കുന്ന സെക്കൻഡറി സ്പെഷൽ എജുക്കേറ്റേഴ്സ്, കലാ-കായിക വിഷയങ്ങൾ പഠിപ്പിക്കുന്ന സ്പെഷലിസ്റ്റ് അധ്യാപകർ, എം.ഐ.സി കോഓഡിനേറ്റർ, ഡേറ്റ എൻട്രി ഓപറേറ്റർ, അക്കൗണ്ടൻറ് എന്നിവരാണ് കരാറടിസ്ഥാനത്തിലുള്ളത്. ദിവസവേതനാടിസ്ഥാനത്തിൽ ക്ലസ്റ്റർ റിസോഴ്സ് കോഓഡിനേറ്റർമാർ, പ്യൂൺ എന്നിവരും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ബ്ലോക്ക്തല പ്രോഗ്രാം കോഓഡിനേറ്റർമാരും ട്രെയിനർമാരും എയ്ഡഡ് സ്കൂളുകളിൽനിന്ന് തസ്തികനഷ്ടം വന്ന അധ്യാപകരും പ്രവർത്തിക്കുന്നുണ്ട്. എയ്ഡഡ് സ്കൂളുകളിൽനിന്ന് തസ്തികനഷ്ടം വന്ന് ബി.ആർ.സികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധ്യാപകർക്ക് മാത്രമാണ് ശമ്പളം മുടക്കമില്ലാതെ ലഭിക്കുന്നത്. ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തിനെതിരെ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.