മൂവാറ്റുപുഴ: നഗരത്തിലെ വിവിധ റോഡുകളിൽ സ്ഥാപിച്ച ദിശാ ബോർഡുകൾ തുരുമ്പെടുത്ത് നശിക്കുന്നു. വെള്ളൂർക്കുന്നം കവലയിലെ ബോർഡ് തുരുമ്പെടുത്ത് നിലം പൊത്തി മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥാപിച്ചിട്ടില്ല. എം.സി റോഡിലും കൊച്ചി -ധനുഷ്കോടി റോഡിലും ചെറുതും വലുതുമായ റോഡുകളിലുംവെച്ച ബോർഡുകളാണ് തുരുമ്പെടുത്ത് സ്ഥലപ്പേര് എഴുതിയ അക്ഷരങ്ങൾ മാഞ്ഞ നിലയിലായത്.
ദിശ ബോർഡുകൾ വായിക്കുവാൻ കഴിയാത്തതു മൂലം നിലവിൽ വാഹനം നിർത്തി വഴിചോദിച്ചു വേണം യാത്ര തുടരാൻ. ഇത് പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. പ്രധാന കവലകളിലെ ദിശബോർഡുകൾ പോലും നവീകരിക്കാൻ അധികൃതർ ശ്രമിക്കുന്നില്ല.
കെ.എസ്.ടി.പിയുടെ എം.സി റോഡ് നവീകരണം പൂർത്തിയായ 2007ൽ സ്ഥാപിച്ചതാണ് ബോർഡുകൾ. അതിനു ശേഷം ഒരു നവീകരണവും നടന്നിട്ടില്ല. ചില സ്ഥലങ്ങളിൽ മരച്ചില്ലകൾ ബോർഡുകൾ മറച്ചു. സിഗ്നൽ ലൈറ്റുകളും ദിശ ബോർഡുകളും സ്ഥാപിക്കുകയല്ലാതെ കൃത്യമായ പരിശോധനയോ പരിപാലനമോ നടത്തുന്ന കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് കാര്യമായ ശ്രദ്ധകാണിക്കാറില്ല.
ഇതുമൂലം അപകടങ്ങളുണ്ടാകുമ്പോൾ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കണ്ണുതുറക്കുന്നത്. നഗരത്തിലെ വാഴപ്പിള്ളി, വെള്ളൂർക്കുന്നം, ബി.ഒ.സി, പി.ഒ. ജങ്ഷൻ, കെ.എസ്.ആർ.ടി.സി തുടങ്ങി പ്രധാന കേന്ദ്രളിൽ ദിശാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം തുരുമ്പെടുത്തും പൂപ്പൽ നിറഞ്ഞ നിലയിലുമാണ്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച ദിശാ ബോർഡുകൾ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് നാളുകളായി.