പട്ടിമറ്റം: കുരുമുളക് സ്പ്രേ മുഖത്തേക്ക് അടിച്ച് വ്യാപാരിയുടെ കയ്യിൽ നിന്ന് പണം തട്ടാൻ ശ്രമം. തിങ്കളാഴ്ച രാത്രി 8.30നാണ് സംഭവം. പട്ടിമറ്റം കൃഷ്ണ ലോട്ടറി സ്ഥാപന ഉടമയായ വിജി സഞ്ജയന്റെ നേരെയാണ് ആക്രമണം.
രാത്രിയിൽ കട പൂട്ടിയ ശേഷം മുൻ ഫെഡറൽ ബാങ്കിനോട് ചേർന്ന സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് പോകുമ്പോൾ മുഖംമൂടി ധരിച്ചയാൾ പുറകിലൂടെ വന്ന് കയ്യിൽ ഉണ്ടായിരുന്ന ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയും കുരുമുളക് സ്പ്രേ മുഖത്തേക്ക് അടിക്കുകയും ചെയ്തു.
ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പട്ടി മറ്റത്തെ കിറ്റക്സിന്റെ അന്ന ഷോറൂമിനോട് ചേർന്നുള്ള ഭാഗത്തുനിന്ന് സി.സി.ടി.വി ദൃശ്യം ലഭിച്ചങ്കിലും മുഖംമൂടി ധരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
അന്തർ സംസ്ഥാന തൊഴിലാളികൾ വിവിധ പ്രദേശങ്ങളിൽ യാതൊരു മാനദണ്ഡവും കൂടാതെ താമസിക്കുന്നതായും ഇങ്ങനെയുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വ്യാപാരിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിമറ്റം യൂണിറ്റ് സെക്രട്ടറി ടി.പി. അസൈനാർ പറഞ്ഞു.