പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത് നാട്ടുകാരില്‍ ഭീതി ഉയര്‍ത്തി. പാണംകുഴി, പാണിയേലി, കൊച്ചുപുരക്കല്കടവ് മേഖലകളിലാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും ആനക്കൂട്ടം എത്തിയത്.
വലുതും ചെറുതുമായ എട്ടോളം ആനകള്‍ ജനവാസ മേഖകളിലൂടെ കൂട്ടത്തോടെ സഞ്ചരിക്കുകയായിരുന്നു. പെരിയാര്‍ നീന്തി കടന്ന് എത്തിയ ആനകളില്‍ ചിലത് പ്രദേശത്തുതന്നെ തമ്പടിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. പകല്‍ സമയത്ത് ആനക്കൂട്ടം വീടുകള്‍ക്കരികിലൂടെ സഞ്ചരിക്കുന്നത് പ്രദേശവാസികളില്‍ ഭീതിയുളവാക്കിയിട്ടുണ്ട്. ആനകളെ തുരത്താന്‍ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ശ്രമങ്ങള്‍ നടത്തിയിരുന്നു. പുഴ കടന്നുവരുന്ന ആനകള്‍ കാട്ടിലേക്ക് തിരിച്ചു പോകുന്നില്ലെന്നതാണ് ആശങ്ക. പാണിയേലി, പാണംകുഴി മേഖലകളില്‍ കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായി മാറി. ഇതോടെ പലരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. ആളുകള്‍ക്ക് നേരെയും പലപ്പോഴും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. വന്യമൃഗ ശല്യത്തിനെതിരെ നിരവധി പരാതികള്‍ വനം വകുപ്പിന് നല്‍കിയിട്ടും നടപടികളുണ്ടായില്ല.
കാട്ടാനകളെ പ്രതിരോധിക്കുന്നതിന് 20 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുത തൂക്കുവേലി സ്ഥാപിക്കാന്‍ കഴിഞ്ഞ നവംബറില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
കപ്രിക്കാട് മുതല്‍ പാണിയേലി വരെ 12 കിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുത തൂക്കുവേലി സ്ഥാപിക്കാനായിരുന്നു തീരുമാനം. പാണിയേലി വരെയുള്ള 34 കിലോമീറ്റര്‍ സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കാനുളള നബാര്‍ഡിന്റെ പദ്ധതിയും ജലരേഖയായി. പോങ്ങന്‍ചുവട് ആദിവാസി കുടിയില്‍ നിലവിലുണ്ടായിരുന്ന ഫെന്‍സിങ് തകര്‍ന്ന സ്ഥിതിയാണ്.