പെരുമ്പാവൂര്‍: ഒക്കലിലെ കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്കിയ പഞ്ചായത്തിനെ അഭിനന്ദിച്ച് പ്രദേശവാസികള്‍. 25ഓളം വീട്ടുകാരെ നേരിട്ടും അറുപതോളം കുടുംബത്തെ പരോക്ഷമായും ബാധിക്കുന്ന പ്രശ്നമാണ് കൈയേറ്റം ഒഴിപ്പിച്ചതിലൂടെ പരിഹരിക്കപ്പെട്ടത്. രണ്ട് സ്വകാര്യ വ്യക്തികളാണ് തോട് പുറമ്പോക്ക് കൈയേറിയത്. 2012 മുതല്‍ കൈയേറ്റമുണ്ടായിരുന്നു. ഒഴുക്ക് തടസ്സപ്പെട്ട് മഴക്കാലത്ത് വീടുകളില്‍ വെള്ളം കയറിതോടെയാണ് പ്രശ്നം ഗൗരവമായത്. പ്രദേശവാസികള്‍ പരാതിയുമായി അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
മേയ് 24ന് പെയ്ത ശക്തമായ വേനല്‍ മഴയില്‍ വീടുകളില്‍ വെള്ളം കയറി 15ഓളം കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത് പ്രതിഷേധം വ്യാപകമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെംബര്‍ സിന്ധു ശശി ഉൾപ്പെടെയുള്ളവര്‍ വിഷയം തഹസില്‍ദാറെ അറിയിച്ചു. ക്യാമ്പ് സന്ദര്‍ശിച്ച തഹസില്‍ദാര്‍ താജുദ്ദീന് നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഉറപ്പു നൽകി. തഹസില്‍ദാര്‍ 28ന് കൈയേറ്റക്കാരുടെയും പഞ്ചായത്ത് അധികാരികളുടെയും യോഗം വിളിച്ചെങ്കിലും കൈയേറ്റക്കാര്‍ വിട്ടുനിന്നു. പിറ്റേന്ന് മുതല്‍ കൈയേറ്റം അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വേ വിഭാഗത്തെ ചുമതലപ്പെടുത്തി. എന്നാല്‍, അളക്കാനെത്തിയ റീസർവേ തഹസിൽദാറുടെ കീഴിലെ ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യാതെ മടങ്ങുകയാണുണ്ടായത്.
മുന്‍കൂര്‍ നോട്ടീസ് നല്കി ഫീസ് അടക്കാതെ അളക്കാനാവില്ലെന്ന് തഹസില്‍ദാറെ അറിയിച്ച് കൈയൊഴിയുകയായിരുന്നു ഇവര്‍. എന്നാല്‍, പഞ്ചായത്ത് അംഗങ്ങള്‍ തഹസില്‍ദാറെ ഉപരോധിക്കുക മാത്രമല്ല കലക്ടറെ വിവരം ധരിപ്പിക്കുകയുമായിരുന്നു. അടിയന്തരമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയില്ലെങ്കില്‍ നടപടി എടുക്കുമെന്ന് സര്‍വേ വിഭാഗം തഹസില്‍ദാര്‍ക്ക് കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയതോടെ കാര്യങ്ങൾ വേഗത്തിലായി. ഇതിനിടെ നടപടി തടയാനുള്ള കൈയേറ്റക്കാരുടെ നീക്കത്തിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതായും കൈയേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് വില്ലേജ് ഓഫിസര്‍ കൂട്ടാക്കിയില്ലെന്നും പ്രസിഡന്റ് പറയുന്നു. കൈയേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ ഒരാള്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായില്ല.
അളവ് പൂര്‍ത്തിയാക്കിയാണ് ബുധനാഴ്ച പൊളിക്കല്‍ നടപടിയിലേക്ക് നീങ്ങിയത്. കോടതിയെ സമീപിച്ച വ്യക്തി പൊളിക്കാന്‍ എത്തിയവരെ തടയാന്‍ ശ്രമിച്ചെങ്കിലും പെരുമ്പാവൂര്‍ സി.ഐ എം.കെ. രാജേഷിന്റെ നേതൃത്വത്തില്‍ ഇടപ്പെട്ടു. കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയായതോടെ നാട്ടുകാര്‍ പഞ്ചായത്തിന് അഭിനന്ദനം അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. ഇതിനിടെ പ്രശ്നത്തെ അവഗണിച്ച സി.പി.എം, സി.പി.ഐ നേതൃത്വങ്ങളുടെ നടപടിയില്‍ വാര്‍ഡിലെ പ്രവര്‍ത്തകര്‍ ഉൾപ്പെടെ അമര്‍ഷത്തിലാണ്. തോട് കൈയേറ്റത്തിനെതിരെ ബി.ജെ.പി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചിരുന്നു.