കോതമംഗലം: ആലുവ- മൂന്നാർ റോഡ് (കോതമംഗലം -ആലുവ റോഡ്) നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു. കോതമംഗലം അരമനപ്പടിയിൽ ആദ്യ കല്ല് സ്ഥാപിച്ച് ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി അധ്യക്ഷത വഹിച്ചു. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി അരമന ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള 38 കിലോമീറ്റർ റോഡാണ് നാലുവരി പാതയായി വികസിപ്പിക്കുന്നത്. ആലുവയിലൂടെയും കോതമംഗലത്തിലൂടെയും കടന്ന് പോകുന്ന രണ്ട് ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
അലൈൻമെന്റ് പ്രകാരമുള്ള കല്ലിടൽ പ്രവർത്തിയ്ക്കാണ് തുടക്കമായത്. എ.എം റോഡ് 23 മീറ്റർ വീതിയാക്കിയാണ് വികസിപ്പിക്കുന്നത്. 107.078 ഏക്കർ സ്ഥലമാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കൽ നടപടികൾക്ക് മാത്രമായി 653 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും അനുവദിച്ചിരിക്കുന്നത്.
ഭൂമിയും വീടടക്കമുള്ള മറ്റ് കെട്ടിടങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും എം.എൽ.എ പറഞ്ഞു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. മജീദ്, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ജയരാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ജെ.സിജി, അസിസ്റ്റന്റ് എഞ്ചിനീയർ എം.മുഹ്സിന,ജില്ല പഞ്ചായത്ത് അംഗം റഷീദ സലിം,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭ വിനയൻ,ബ്ലോക്ക് മെമ്പർ അനു വിജയനാഥ്, മുൻസിപ്പൽ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. തോമസ്, അഡ്വ. ജോസ് വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് ഇ.കെ.സേവിയർ എന്നിവർ സന്നിഹിതരായിരുന്നു.
കിഴക്കമ്പലം: ആലുവ-മൂന്നാർ റോഡ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് വാഴക്കുളം എം.ഇ.എസ് ജങ്ഷനിൽ നോട്ടിഫിക്കേഷൻ പ്രകാരം സ്ഥലം ഏറ്റെടുത്തുകൊണ്ട് അതിർത്തിക്കല്ല് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം എം.എൽ.എമാരായ അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അബ്ദുൽ ഖാദർ, സ്നേഹ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷീജ പുളിക്കൽ, പഞ്ചായത്ത് മെംബർമാരായ വിജയലക്ഷ്മി, മുരളി, ടി. പി. അസീസ്, സാജു മത്തായി, എൻ.എച്ച്. ഷെബീർ, കെ.എ. ജോയ് എന്നിവർ പങ്കെടുത്തു.
പെരുമ്പാവൂര്‍: ആലുവ-മൂന്നാര്‍ സ്റ്റേറ്റ് ഹൈവേയുടെ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികൾക്ക് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പാച്ചുപിള്ളപ്പടിക്ക് സമീപം കല്ലിട്ട് തുടക്കം കുറിച്ചു. നിർദിഷ്ട റോഡിന്റെ 17 കിലോമീറ്റര്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്.
പെരുമ്പാവൂരില്‍ ടൗണ്‍ ഒഴിവാക്കി ബൈപാസിലൂടെയാണ് പാത കടന്നുപോകുക. നിലവിലുള്ള റോഡില്‍നിന്നും വളവുകള്‍ നിവര്‍ത്തിയാണ് അലൈന്മെന്റ്. പോഞ്ഞാശ്ശേരി, ചെമ്പറക്കി, ചെകുത്താന് വളവ് എന്നിവിടങ്ങളിലെ വളവുകളിലാണ് നിലവിലുള്ള റോഡില്‍നിന്നും റോഡ് നേരെയാക്കി അലൈന്മെന്റ് മാറ്റിയിരിക്കുന്നത്.
ടൗണ്‍ ആരംഭിക്കുന്നതിനു മുമ്പ് പാലക്കാട്ടുതാഴത്തുനിന്ന് നിർദിഷ്ട ബൈപാസിലൂടെ മരുത് ജങ്ഷനില്‍ എത്തുന്ന വിധമാണ് നാലുവരിപ്പാത. അലൈന്മെന്റ് അംഗീകാരമായിട്ടുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ ഇനി വേഗത്തിലാകും.
സ്ഥലം ഏറ്റെടുക്കുന്നതിന് 653 കോടി നേരത്തേ അനുവദിച്ചിരുന്നു. സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ല പഞ്ചായത്ത് മെംബര്‍ ഷൈമി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.എം. സലിം, ലതാഞ്ജലി മുരുകന്, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, വാര്‍ഡ് മെംബര്‍ അജാസ് യൂസഫ്, കെ.ആര്.എഫ്.ബി ഉദ്യോഗസ്ഥര്‍, റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.