മൂവാറ്റുപുഴ: നഗരത്തിലെ എവറസ്റ്റ് കവലയിൽ നിന്നും ഇ.ഇ.സി മാർക്കറ്റ് റോഡിലേക്ക് നിർമിക്കുന്ന ബൈപാസ് റോഡിന്റെ ടെണ്ടർ പൂർത്തിയായി. റോഡ് നിർമാണത്തിന് അടുത്ത ദിവസം തുടക്കമാകും. ആറ് മാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം.
വെയർ ഹൗസിങ് കോർപറേഷന്റെ സഹകരണത്തോടെ 1.75 കോടി രൂപ ചെലവിലാണ് റോഡ് നിർമിക്കുന്നത്. ഇതിന് മുന്നോടിയായി വെയർഹൗസിങ് കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കണ്ണൻ .എസ്. വെളിന്തറ, റീജനൽ മാനേജർ പി.പി. പീറ്റർ, ഓവർസിയർ ഗിരീഷ് സുന്ദർ, പ്രോജക്ട് എൻജിനിയർ വി. രാജൻ, വർക്ക് ഏറ്റെടുത്ത കോൺട്രാക്ടർ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.
വാർഡ് അംഗം കൂടിയായ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം, കൗൺസിലർ പി.എം. സലിം എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ നഗരത്തിലെ എവറസ്റ്റ് കവലക്ക് സമീപത്തെ കീഴ്ക്കാവിൽ തോടിന് സമാന്തരമായി വണ്ടി പേട്ട, സ്റ്റേഡിയം വഴി ഇ.ഇ.സി മാർക്കറ്റ് ബൈപാസ് റോഡിൽ എത്തുന്ന തരത്തിൽ 700 മീറ്റർ ദൂരത്തിലും ഒൻപത് മീറ്റർ വീതിയിലുമാണ് റോഡ് നിർമിക്കുന്നത്.
നിർദ്ദിഷ്ട റോഡ് കടന്നു പോകുന്ന ഭാഗങ്ങളിലെ മരങ്ങൾ കഴിഞ്ഞദിവസം വെട്ടിമാറ്റി. വെള്ള പൊക്ക ഭീഷണി നേരിടുന്ന സ്ഥലമായതിനാൽ കുറെ ഭാഗം മണ്ണിട്ട് ഉയർത്തി വേണം റോഡ് നിർമിക്കാൻ. റോഡ് യാഥാർഥ്യമാകുന്നതോടെ വ്യാപാരകേന്ദ്രമായ കാവുംകര മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനു പുറമെ വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കി വഴിയില്ലാത്തതിനാൽ പൂട്ടിയിട്ടിരിക്കുന്ന ആധുനിക മത്സ്യമാർക്കറ്റിനും ഗുണകരമാകും.
സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിന് എത്തുന്നതിനും ബൈപാസ് ഉപകരിക്കും. വഴി ഇല്ലാത്തതു മൂലം ഗോഡൗൺ നിർമിക്കാനാകാതെ നിലകൊള്ളുന്ന കാളച്ചന്തയിലെ വെയർഹൗസിങ് കോർപ്പറേഷൻ സ്ഥലത്ത് എത്തുന്നതിനും റോഡ് സഹായകരമാകും.
രണ്ട് പതിറ്റാണ്ട് മുമ്പ് ഇ.ഇ.സി ബൈപാസ് നിർമാണം പൂർത്തിയായ ഘട്ടത്തിൽ വണ്ടി പേട്ടയിൽ നിന്ന് ഇ.ഇ.സി റോഡിലേക്ക് റോഡ് നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും നടന്നില്ല. അന്ന് റോഡ് നിർമാണം നടന്നിരുന്നങ്കിൽ വെയർഹൗസിങ് കോർപറേഷന്റെ ഗോഡൗൺ നിർമ്മാണം അടക്കം നേരത്തെ നടക്കുമായിരുന്നു. കാളച്ചന്ത, എട്ടങ്ങാടി അടക്കമുള്ള ജനവാസ കേന്ദ്രങ്ങൾക്കും ഇത് ഗുണകരമാകുമായിരുന്നു.