പെരുമ്പാവൂര്‍: മയക്കുമരുന്നുമായി നര്‍ക്കോട്ടിക് സെല്‍ പിടികൂടിയ ആള് കച്ചവടത്തില്‍ വീണ്ടും സജീവമെന്ന് വ്യാപാരികള്‍. കഴിഞ്ഞ ശനിയാഴ്ച പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് 10 ടപ്പി ബ്രൗണ്‍ഷുഗറും രണ്ട് പൊതി കഞ്ചാവുമായി അന്തര്‍ സംസ്ഥാനക്കാരനെ സമീപത്തെ വ്യാപാരികള്‍ പിടികൂടി നര്‍കോട്ടിക് വിഭാഗത്തിന് കൈമാറിയത്. എന്നാല്‍, ഞായറാഴ്ച ഇയാള്‍ ഇവിടെ കച്ചവടത്തിന് എത്തിയതായി പറയുന്നു.
സ്ഥിരം തങ്ങാറുള്ള ഭാഗത്ത് നില്ക്കുന്ന വീഡിയൊ പുറത്തുവിട്ട് സമീപവാസികള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം അറിയിച്ചു. പലവട്ടം ഇയാളെ പിടികൂടി പൊലീസിനും എക്സൈസിനും കൈമാറിയിട്ടും കച്ചവടവുമായി സജീവമാണെന്നാണ് പരാതി. ബസ് സ്റ്റാന്‍ഡ് റോഡിലെ നഗരസഭ കോപ്ലക്സിന് പിന്നിലാണ് ഇയാള്‍ ഉള്‍പ്പടെ കുറച്ചുപേര്‍ മയക്കുമരുന്ന് കച്ചവടവുമായി തങ്ങുന്നത്. കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍ എന്നിവ വില്‍പ്പനയുണ്ടെന്നാണ് ആരോപണം. അന്തര്‍ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് വ്യാപാരം.
വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് പലരും. നാട്ടുകാരായ ചിലരുടെ സഹായമുണ്ടെന്നും സംരക്ഷിക്കുന്നത് ഇവരാണെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുകയാണ്. പിടിയിലാകുമ്പോള്‍ പണം മുടക്കി പുറത്തിറക്കുന്നത് സ്വാധീനമുള്ള ഇക്കൂട്ടരാണത്രെ. കണക്കിലധികം മയക്കുമരുന്ന് കൈവശമില്ലെന്ന കാരണത്താലാണ് പിടിക്കപ്പെടുന്നവര്‍ പലപ്പോഴും പുറത്തിറങ്ങുന്നത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ കച്ചവടക്കാര്‍ തമ്പടിക്കുന്നുണ്ട്. കെട്ടിടത്തിന്റെ അടഞ്ഞുകിടക്കുന്ന മുറികള്‍ക്ക് മുന്നിലും ഇടനാഴികളിലും മയക്കുമരുന്നു വിൽപ്പനക്കാർ സജീവമാണ്. പലപ്പോഴും ഇവര്‍ പിടിക്കപ്പെട്ടിട്ടുളളതായി വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു. ഇവര്‍ തമ്പടിക്കുന്നത് സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയാണ്.