ആലുവ: മെട്രോ കാന നവീകരണത്തിന് ശേഷവും ടൗണിൽ വെള്ളക്കെട്ട് ദുരിതം ഒഴിയുന്നില്ല. കാന നിർമാണത്തിലെ അശാസ്ത്രീയതയാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് ആരോപണം. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ മഴയിലാണ് മാർക്കറ്റ് റോഡിൽ വെള്ളക്കെട്ടുണ്ടായത്. ചെറുമഴയിൽ പോലും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണിത്. പെരിയാറിലേക്ക് മഴവെള്ളം ഒഴുക്കിക്കളയാനുള്ള വലിയ കാന തൊട്ടടുത്തായിരുന്നിട്ടും വെള്ളം ഒഴുകിപ്പോകാൻ മണിക്കൂറുകൾ വേണ്ടിവരാറുണ്ട്.
വെള്ളിയാഴ്ച വൈകീട്ടത്തെ മഴയിൽ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് മാർക്കറ്റ് റോഡിലെയും അൻവർ ആശുപത്രി റോഡിലേയും വ്യാപാരികളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. വ്യാപാരികളുടെ പരാതിയെ തുടർന്ന് മാർക്കറ്റ് റോഡിൽ സ്റ്റാൻഡ് പരിസരത്ത് നഗരസഭ കാന പുതുക്കി പണിതിരുന്നു. എന്നാൽ, അതിന് ശേഷവും വെള്ളക്കെട്ടുണ്ടായി. ഇതിന് ശേഷമാണ് മെട്രോ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാനകൾ നവീകരിക്കാൻ ആരംഭിച്ചത്. എന്നാൽ, ഇത് കേവലം ഫുട്പാത്ത് നിർമാണം മാത്രമായാണ് മുന്നേറുന്നത്.
പലഭാഗങ്ങളിലും കാനകളിലെ മാലിന്യങ്ങൾ പോലും നീക്കാതെ സ്ലാബുകൾക്ക് മുകളിൽ കല്ലുകൾ പാകി ഫുട്പാത്തുണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. റോഡിൽനിന്ന് മഴവെള്ളം ഒഴുകിപ്പോകാൻ ചെറിയ ഹോളുകൾ മാത്രമാണ് ഇട്ടിട്ടുള്ളതും. ഇത്തരത്തിലാണ് മാർക്കറ്റ് റോഡിലും ചെയ്തിരിക്കുന്നത്. പ്രവൃത്തി നടക്കുന്ന സമയത്ത് വ്യാപാരികൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.