കളമശ്ശേരി: സംസ്ഥാനത്തിന് പുറത്തേക്ക് യാത്രക്കാരുമായി പോകുന്ന ദീർഘദൂര സ്വകാര്യ ബസുകൾ ആളെ കയറ്റാൻ നിരനിരയായി നിർത്തിയിടുന്നത് മറ്റു വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ദേശീയപാത നോർത്ത് കളമശ്ശേരിയിൽ ആലുവ ഭാഗത്തേക്കുള്ള സിഗ്നലിന് സമീപത്താണ് തടസ്സം സൃഷ്ടിച്ചുള്ള ദീർഘദൂര ബസുകളുടെ നിര. വൈകീട്ടോടെ യാത്രക്കാരെ കയറ്റാൻ എത്തുന്ന ബസുകൾ രാത്രി പതിനൊന്ന് വരെ തുടരും. ഇതിൽ ചില സമയങ്ങളിൽ ഒന്നിൽ കൂടുതൽ ബസുകൾ ഒരു സമയത്ത് സ്ഥലത്തെത്തും. ഇത് മൂന്നും നാലും വരെയാകും. ഈ സമയം ബസ്റ്റോപ്പിന് സമീപത്തായതിനാൽ മറ്റു സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ അടക്കം യാത്രക്കാർക്കായി അവിടെയെത്തും. അതോടെ പാത ഗതാഗതക്കുരുക്കിലാകും. നിർത്തിയിടുന്ന ബസുകളിൽ തട്ടിയുള്ള അപകടങ്ങൾക്കും ഇടയായിട്ടുണ്ട്. സമീപത്തെ പമ്പിൽ ഇന്ധനം നിറക്കാനെത്തുന്ന വാഹനങ്ങൾക്കും പുറത്തേക്കെടുക്കാനാകാതെ തടസ്സവും സൃഷ്ടിക്കും. ദീർഘദൂര ബസുകൾ മുന്നോട്ട് നീക്കി നിർത്തി യാത്രക്കാരെ കയറ്റിയാൽ തടസ്സങ്ങൾ ഒഴിവാക്കാനാകും. ട്രാഫിക് പൊലീസ് ഉണർന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗതാഗതതടസ്സം സൃഷ്ടിച്ച് ദീർഘദൂര സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്

Estimated read time
0 min read