പെരുമ്പാവൂർ: കസേര കമ്പനിയുടെ ഗോഡൗണിലുണ്ടായ അഗ്നിബാധയിൽ മൂന്ന് ലോറികള്‍ ഉൾപ്പെടെ കത്തിനശിച്ചു. ചേലാമറ്റത്ത് പ്രവർത്തിക്കുന്ന ഫ്രണ്ട്സ് പോളിപ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ‘ചെയർമാൻ ചെയർ’ കസേര നിര്‍മാണ കമ്പനിയോടനുബന്ധിച്ചുള്ളതായിരുന്നു ഗോഡൗൺ.
നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കളും കസേരകളുമാണ് അഗ്നിക്കിരയായത്. നാല് തട്ടുകളായി നിര്‍മിച്ചിരുന്ന കെട്ടിടവും കസേരകളും ടൺ കണക്കിന് മെറ്റീരിയലും കെട്ടിടത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ലോറികളും അഗ്നിക്കിരയായി. ചൊവ്വാഴ്ച പുലര്‍ച്ച മൂന്നോടെയായിരുന്നു അപകടം. രണ്ട് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമകൾ പറഞ്ഞു. പെരുമ്പാവൂർ, അങ്കമാലി, കോതമംഗലം, പട്ടിമറ്റം, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയുടെ എട്ട് യൂനിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതിനാൽ സമീപത്തുണ്ടായിരുന്ന മൂന്ന് ഗോഡൗണുകളും കമ്പനിയും മറ്റ് കെട്ടിടങ്ങളും സംരക്ഷിക്കാനായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.