കൊച്ചി: ഹൊ… എന്തൊരു ചൂട്..!! നാലാൾ കൂടുന്നിടത്തൊക്കെ സംസാരവിഷയം വെന്തുരുകുന്ന ചൂടിനെക്കുറിച്ചാണ്. ആഴ്ചകളായി ജില്ലയിൽ തുടരുന്ന കടുത്ത ചൂടാണ് ജനജീവിതത്തെ സാരമായി ബാധിച്ചത്. പൊള്ളുന്ന ചൂടിൽ ജനം പുറത്തിറങ്ങാൻ മടിക്കുന്നതോടെ പകൽ നിരത്തുകളും കാലിയാണ്. ഇത് തൊഴിൽ-വ്യാപാര മേഖലയിലടക്കം ഉണ്ടാക്കുന്ന നഷ്ടവും ചെറുതല്ല. ഇതോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെയും കൊടുംചൂട് ബാധിച്ചിട്ടുണ്ട്. വേനൽമഴയും കൈവിട്ടതോടെ ജില്ലയിൽ ചൂട് അസഹനീയമായി. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിലെ താപനില ഉയരുകയാണ്. ആലുവ -39.7, മട്ടാഞ്ചേരി -36.9, നോർത്ത് പറവൂർ -38.1 എന്നിങ്ങനെയാണ് തിങ്കളാഴ്ചത്തെ താപനില.
കൊടുംചൂടിൽ വീര്യംകുറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം
അസഹനീയമായ ചൂടിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണവും നിർജീവമാകുകയാണ്. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളടക്കം രംഗത്തിറങ്ങി പ്രചാരണം കൊഴുപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും ചൂട് വില്ലനാകുകയാണ്. സ്ഥാനാർഥികളുടെ വാഹന പര്യടനം മുതൽ പ്രവർത്തകരുടെ വീടുകയറ്റം വരെയുള്ള മുഴുവൻ കാര്യങ്ങളിലും ഇത് പ്രകടമാണ്.
അതുകൊണ്ടുതന്നെ അതിരാവിലെ തുടങ്ങി ചൂടേറും മുമ്പേ പലയിടങ്ങളിലും പ്രചാരണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ്. ആളെ കൂട്ടുന്നതിലുള്ള പ്രയാസംമൂലം പൊതുസമ്മേളനങ്ങളും പരമാവധി ഒഴിവാക്കിയാണ് പ്രചാരണം. പ്രചാരണത്തിന് വീറും വാശിയും ഉയരേണ്ട ദിവസങ്ങളാണ് വരാനുള്ളത്. എന്നാൽ, അതിനേക്കാൾ വാശിയോടെ കത്തുന്ന വെയിലെത്തുന്നത് ഏതുരീതിയിൽ ബാധിക്കുമെന്ന ആശങ്കയിലാണ് മുന്നണികളും നേതാക്കളും.
വ്യാപാര മേഖലയിലും മാന്ദ്യം
ഈസ്റ്റർ, റമദാൻ, വിഷു അടക്കം ഉത്സവകാലമായിട്ടുകൂടി കാര്യമായ അനക്കമില്ലാത്ത നിലയിലാണ് വ്യാപാര മേഖല. കൊടുംചൂടാണ് ഇവിടെയും വില്ലനാകുന്നത്. പകൽ ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്നതാണ് വസ്ത്രവിപണികൾക്കടക്കം തിരിച്ചടിയായത്. ഉത്സവ സീസണുകൾ ലക്ഷ്യമിട്ട് വലിയ തുകകൾ മുടക്കി പുതിയ മോഡൽ ഉൽപന്നങ്ങൾ കടകളിലെത്തിച്ച വ്യാപാരികളാണ് ഇതോടെ വെട്ടിലായത്. പഴവിപണിയിലും ചരക്കുകൾ വേഗം കേടാകുന്നത് വ്യാപാരികൾക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. സാധാരണ നിലയിൽ ഓണസീസൺ കഴിഞ്ഞാൽ വ്യാപാരികളുടെ പ്രതീക്ഷ റമദാൻ അടക്കമുള്ള ഉത്സവ സീസണുകളാണ്. എന്നാൽ, ഇക്കുറി അപ്രതീക്ഷിതമായുയരുന്ന ചൂട് ഇവരുടെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു.
ചർച്ചയായി തണ്ണീർത്തട -വന നശീകരണം
വേനൽച്ചൂട് സർവ സീമകളും വിട്ട് ഉയർന്നതോടെ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും നശീകരണം സജീവ ചർച്ചയാകുകയാണ്. ജില്ലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഹെക്ടർ കണക്കിന് തണ്ണീർത്തടങ്ങളാണ് കരഭൂമികളായി മാറിയത്. ഇവിടങ്ങളിലെല്ലാംതന്നെ കൂറ്റൻ കോൺക്രീറ്റ് സൗധങ്ങളും ഉയർന്ന് കഴിഞ്ഞു. ഇതോടൊപ്പം വന നശീകരണവും ചർച്ചയാകുന്നുണ്ട്. പാരിസ്ഥിതിക സന്തുലനാവസ്ഥ സംരക്ഷിക്കുന്നതിൽ നിർണായ പങ്കുവഹിക്കുന്ന തണ്ണീർത്തടങ്ങളും കൃഷിഭൂമികളുമെല്ലാം ഓർമയായതോടെയാണ് നിലനിൽപിനുതന്നെ ഭീഷണിയാകുന്ന തരത്തിൽ ചൂടും അനിയന്ത്രിതമാകുന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകരടക്കം ചൂണ്ടിക്കാണിക്കുന്നത്.