പറവൂർ: മുളകുപൊടി കണ്ണിലെറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചേന്ദമംഗലം കിഴക്കുംപുറം കോറ്റട്ടാൽ മാതിരപള്ളി ഷാജഹാനെ (28) ആണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കോറ്റാട്ടാൽ ക്ഷേത്രത്തിന് വടക്ക് ഷാജഹാന്റെ വീടിന് മുന്നിലെ റോഡിലൂടെ നടന്നുപോയ സുഭദ്രയുടെ (80) മാലയാണ് പൊട്ടിച്ചത്.
ഷാജഹാൻ സുഭദ്രയുടെ പിന്നിലൂടെ ചെന്നു കണ്ണിലേക്ക് മുളക് പൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ച് ഓടി.
എന്നാൽ, സ്വർണമാണെന്ന് കരുതി പൊട്ടിച്ചത് മുക്കുപണ്ടമായിരുന്നു. കവർച്ചക്കിടെ പരിക്കേറ്റ സുഭദ്ര ഷാജഹാന്റെ വീട്ടുവരാന്തയിലാണ് വിശ്രമിച്ചത്. നാട്ടുകാരും പൊലീസും മാലക്കള്ളനെ തിരക്കിയിറങ്ങിയപ്പോൾ ഷാജഹാനും സജീവമായി അന്വേഷണത്തിൽ പങ്കെടുത്തു.
ഷർട്ട് ധരിക്കാത്ത, ചാര നിറമുള്ള മുണ്ട് മാത്രമുടുത്ത വെളുത്തയാളാണ് മാല പൊട്ടിച്ചതെന്ന് സുഭദ്ര മൊഴി നൽകി. സംഭവം നടന്ന റോഡിലേക്ക് പുറത്തു നിന്നാരും വന്നിട്ടില്ലെന്നും സംഭവ സ്ഥലത്ത് ഉള്ളയാൾ തന്നെയാണ് പ്രതിയെന്നും പൊലീസ് ഉറപ്പിച്ചു.
മോഷ്ടാവ് ഷാജഹാനാണെന്ന സൂചനകളും ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. മാല ഷാജഹാന്റെ വീടിന് പിന്നിലെ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന തവിടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.