തൃപ്പൂണിത്തുറ: നഗരത്തിൽ വീണ്ടും കവർച്ച. നഗരമധ്യത്തിൽ രണ്ട് വീടുകളുടെ വാതിൽ തകർത്ത് മോഷണം നടത്തി. തൃപ്പൂണിത്തുറ മെയിൻ റോഡ് ശക്തി നഗറിൽ തട്ടിൽ ജോർജിന്റെ വീട്ടിലും കറുകച്ചാൽ സ്വദേശി രാജഗോപാലിന്റെ വീട്ടിലുമാണ് വെള്ളിയാഴ്ച രാത്രി മോഷ്ടാക്കൾ കവർച്ച നടത്തിയത്.
അഞ്ച് പവൻ കവർച്ച ചെയ്തു. ജോർജിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. മാരകായുധങ്ങളുമായെത്തിയ മോഷ്ടാക്കൾ വീടുകളുടെ മുൻവാതിൽ തിക്കിത്തുറന്നാണ് അകത്ത് കയറിയത്.
ജോർജ് ഇരിങ്ങാലക്കുടയിലുള്ള തന്റെ വീട്ടിലേക്ക് പോയതിനാൽ ഭാര്യ പുതിയകാവിലുള്ള സ്വന്തം ഗൃഹത്തിലായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിലെ ജോലിക്കാരിയെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്.
അകത്തെ സെറ്റിയിൽ വാതിൽ തകർക്കാനുപയോഗിച്ചതെന്നു കരുതുന്ന പിക്ക് ആക്സ് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നുണ്ടായിരുന്നു. അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
തുറന്നു കിടന്ന വീടിന്റെ അടുക്കള വാതിലിലൂടെ നോക്കിയപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ വാതിലും തുറന്നിട്ട നിലയിൽ കണ്ടത്. പത്തനംതിട്ടയിലായിരുന്ന വീട്ടുടമ രാജഗോപാൽ വൈകീട്ടോടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ല. ഹിൽപാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് തൃപ്പൂണിത്തുറ നഗരത്തിലെ ഇസാഫ് ബാങ്കിൽ മോഷണം നടന്നത്.