കൊച്ചി: കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തി സി.പി.എമ്മിലേക്ക് മാറുന്ന കാര്യം ചർച്ച ചെയ്തിരുന്നുവെന്ന് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ. ഇ.പിയുടെ വിശ്വാസം നേടാൻ ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിനെതിരെ വോട്ട് ചെയ്ത് വിവിപാറ്റ് സ്ലിപ്പിന്‍റെ ദൃശ്യം തനിക്ക് മൊബൈൽ ഫോണിൽ അയച്ചുതന്നു. ദീപ്തി ഇക്കാര്യം നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്നും നന്ദകുമാർ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിലെ അസംതൃപ്തരെ സി.പി.എമ്മിൽ എത്തിക്കാനായിരുന്നു ശ്രമം. ഇതിന് ബൂത്ത് തലത്തിലുള്ള പട്ടികയും നൽകി. ഇ.പിയുടെ അറിവോടെയാണ് ദീപ്തിയെ കണ്ടത്. ദീപ്തിക്കൊപ്പം കൗൺസിലറാവുകയും പിന്നീട് സി.പി.എമ്മിൽ എത്തുകയും ചെയ്ത എം.ബി. മുരളീധരനാണ് അവരുടെ പേര് നിർദേശിച്ചത്. അദ്ദേഹത്തോടൊപ്പമായിരുന്നു കൂടിക്കാഴ്ചയെന്നും നന്ദകുമാർ പറഞ്ഞു.
കോൺഗ്രസിൽ അർഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലെന്നും പ്രവർത്തനം മാത്രമേ ഉള്ളൂവെന്നും ദീപ്തി പറഞ്ഞു. ഞങ്ങൾ അവരെ സമീപിച്ചതിന്‍റെ യാഥാർഥ്യം ബോധ്യപ്പെടാൻ സി.പി.എമ്മിന്‍റെ സംസ്ഥാന നേതാക്കൾ ആരെങ്കിലും തന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ചാർജുണ്ടായിരുന്ന ജയരാജനെ വന്നുകണ്ടു. ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
തന്‍റെ സത്യസന്ധത തെളിയിക്കാൻ ഉമ തോമസിനെതിരെ വോട്ട് ചെയ്തതിന്‍റെ തെളിവ് അയച്ചുതരുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ചശേഷം ദീപ്തിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവരിൽനിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും നന്ദകുമാർ പറഞ്ഞു.
“ദീപ്തി അറിയിച്ചിരുന്നു’
കൊച്ചി: ദീപ്തി മേരി വര്‍ഗീസിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ച സംഭവം പാര്‍ട്ടിയെ ധരിപ്പിച്ചിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം എന്താണെന്ന് സി.പി.എം വ്യക്തമാക്കണം. തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിൽ അതൃപ്തി ഉള്ളവരുടെ പിറകെ നടന്ന ദല്ലാൾ നന്ദകുമാറാണോ സി.പി.എമ്മിന് ഏറ്റവും പ്രിയപ്പെട്ടയാൾ എന്നും സതീശൻ ചോദിച്ചു.