കൊച്ചി: കൊച്ചി മെട്രോയിലെ ദൈനംദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിലേക്കെത്തുന്നു എന്നത് കുറഞ്ഞ നിരക്കിൽ മികച്ച വരുമാനത്തിലുള്ള പൊതുഗതാഗത സംവിധാനം നടത്താനുള്ള സർക്കാറിന്റെ ശ്രമങ്ങൾ വിജയം കാണുന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ വിഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെട്രോ ഒന്നാംഘട്ടം പൂർത്തിയായത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണമുള്ളവർക്ക് മാത്രം എന്ന് കരുതപ്പെട്ടിരുന്ന കൊച്ചി മെട്രോ ഇന്ന് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.
ദീർഘദൂര യാത്രക്കാർക്ക് സൗകര്യവും സഹായകരവുമാകുന്ന സ്റ്റേഷനാണ് തൃപ്പൂണിത്തുറയിൽ ഒരുങ്ങിയിരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനും രാജനഗരിയുടെ പ്രൗഢിയോടെയാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേഷന്റെ മുൻവശത്തെ തൂണുകളിൽ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ചകൾ ചുവർച്ചിത്രങ്ങളായി ഇടംപിടിച്ചിട്ടുണ്ട്.
കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശിൽപങ്ങൾ ഉൾപ്പെടുന്ന ഡാൻസ് മ്യൂസിയവും സ്റ്റേഷന്റെ പ്രത്യേകതയാണ്. മ്യൂസിയം വൈകാതെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. തൃപ്പൂണിത്തുറയിൽനിന്ന് കൊച്ചി മെട്രോ സർവിസ് തുടങ്ങിയ ആദ്യദിനം പൊതുജനങ്ങളെ വരവേറ്റ മോഹിനിയാട്ടം വേഷത്തിലുള്ള റോബോട്ടും ശ്രദ്ധാകേന്ദ്രമായി.
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ യഥാർഥ്യമായത് ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യും. ഇതോടൊപ്പം വാട്ടർ മെട്രോയുടെ ഏരൂർ ടെർമിനൽ എസ്.എൻ ജങ്ഷൻ, തൃപ്പൂണിത്തുറ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതകളും കെ.എം.ആർ.എൽ പരിശോധിക്കുന്നുണ്ട്.